North Korea missile test fails, says South

പ്യോങ്‌യാങ്: ഉത്തരകൊറിയ നടത്തിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.33 ന് രാജ്യത്തിന്റെ കീഴക്കന്‍ തീരത്തു നിന്നാണ് വിക്ഷേപണം നടത്തിയത്.

മൊബൈല്‍ ലോഞ്ചറില്‍ നിന്നും വിക്ഷേപിക്കാവുന്ന മുസുഡാന്‍ മിസൈലുകളാണ് രാജ്യം വിക്ഷേപിച്ചത്. ബിഎം25 എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ദക്ഷിണ കൊറിയന്‍ ന്യൂസ് ഏജന്‍സിസായ യോനാപാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടത്.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുംഗിന്റെ ജന്മ ദിനത്തിലായിരുന്നു മിസൈല്‍ പരീക്ഷണം. ഉത്തര കൊറിയയുടെ സ്ഥാപക നേതാവാണ് കിം ഉല്‍ സുംഗ്. 3,000 കിലോ മീറ്ററാണ് മിസൈലിന്റെ ദൂരപരിധി. ഭാവിയില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഉത്തര കൊറിയ ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാകാം മുസുഡാന്‍ മിസൈലുകളുടെ പരീക്ഷണമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്കയെയാണ് ഉത്തര കൊറിയ ലക്ഷ്യം വെയ്ക്കുന്നതെന്നും വിവരമുണ്ട്.

ഇതിന് മുന്‍പ് ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 500 കിലോ മീറ്ററോളം ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണമായിരുന്നു ഇതിന് മുന്‍പ് നടന്നത്. യുഎന്‍ രക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചായിരുന്നു അത്. ഇതിനെതിരെ അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

Top