North Korea leader says missile launch shows ability to attack U.S. in Pacific

സോള്‍ : പസഫിക് സമുദ്രമേഖലയിലെ യുഎസ് താല്‍പ്പര്യങ്ങളെ ആക്രമിക്കാന്‍ തയാറായെന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍. മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ വിക്ഷേപണം നിരീക്ഷിച്ചശേഷം സംസാരിക്കുകയായിരുന്നു ഉന്‍.

ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 3,000 കിലോമീറ്ററാണ് ഉത്തര കൊറിയ പരീക്ഷിച്ച മിസൈലിന്റെ ദൂരപരിധി.

മസൂദന്‍ എന്ന പേരിട്ടിരിക്കുന്ന രണ്ട് മധ്യദൂര മിസൈല്‍ ഉത്തരകൊറിയ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയും യുഎസ് സൈനിക വൃത്തങ്ങളും അറിയിച്ചിരുന്നു. ഇതില്‍ ആദ്യത്തെ വിക്ഷേപണം പരാജയമായിരുന്നെന്നാണ് വിലയിരുത്തല്‍. രണ്ടാമത്തേത്ത് ജപ്പാന്റെ ദിശയില്‍ ആണ് വിക്ഷേപിച്ചത്.

മിസൈലിനെ ഹ്വാസോങ് 10 എന്നാണ് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വിശേഷിപ്പിച്ചത്. ചൊവ്വ ഗ്രഹത്തിനുള്ള കൊറിയന്‍ പേരാണ് ഹ്വാസോങ്.

ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ പ്രമേയങ്ങള്‍ക്കു വിരുദ്ധമാണ് മിസൈല്‍ പരീക്ഷണമെന്ന് ദക്ഷിണ കൊറിയയും യുഎസും അപലപിച്ചു. ഉത്തര കൊറിയയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ചു വരുന്നതായി ജപ്പാന്‍ പ്രതിരോധമന്ത്രി ജെന്‍ നകാടാനിയും അറിയിച്ചു.

Top