North Korea launches ballistic missiles

സിയൂള്‍: അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധം വകവെക്കാതെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. യുഎന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്.

പ്രാദേശിക സമയം പുലര്‍ച്ചെ 5.55ന് തെക്കന്‍ പ്യോംഗ്‌യാംഗില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. 800 കിലോമീറ്റര്‍ ദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചു.

500 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള മിസൈലുകള്‍ വിക്ഷേപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. പുതുതായി വികസിപ്പിച്ചെടുത്ത ചെറിയ അണ്വായുധങ്ങളുടെ പ്രഹരശേഷി അളക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു.

ആണവ ശക്തിയായ ഉത്തരകൊറിയയുടെ കൈവശം നിരവധി ഹ്രസ്വദൂര മിസൈലുകളുണ്ട്. ദീര്‍ഘദൂര മിസൈലുകളുടെ വികസനത്തിലും വ്യാപൃതരാണവര്‍. ഉത്തരകൊറിയയുടെ മിസൈല്‍ പരിക്ഷണത്തില്‍ ജപ്പാന്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.

Top