അപ്രത്യക്ഷനായി ഉത്തരകൊറിയയുടെ ഇറ്റാലിയന്‍ അംബാസഡര്‍

സീയൂള്‍: അപ്രത്യക്ഷനായി ഉത്തരകൊറിയയുടെ ഇറ്റാലിയന്‍ അംബാസഡര്‍. ഉത്തരകൊറിയയുടെ ഇറ്റലിയിലെ ആക്ടിംഗ് അംബാസഡര്‍ ജോ സോംഗ് ജില്ലിനെയാണ് ഇറ്റലിയില്‍ നിന്ന് കാണാതായത്. കഴിഞ്ഞനവംബര്‍ മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്നാണ് ദക്ഷിണകൊറിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ മറികടന്ന് കൂറുമാറാനുള്ള ശ്രരമത്തിന്റെ ഭാഗമായാണ് ഈ ഒളിച്ചുകളി എന്നാണ് സൂചന. ജോയും കുടുംബവും സുരിക്ഷിതരാണെന്നും ഇവര്‍ പാശ്ചാത്യ രാജ്യത്ത് അഭയം തേടിയിട്ടുണ്ടെന്നും ദക്ഷിണകൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016ല്‍ ലണ്ടനിലെ ഡെപ്യൂട്ടി അംബാസഡറായിരുന്ന തായ് യോംഗ് ഹോ കുടുംബത്തോടൊപ്പം ഇതുപോലെ ദക്ഷിണകൊറിയയില്‍ അഭയം തേടി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടിയായിരുന്നു കൂറുമാറ്റമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ജോ സോംഗ് ജില്‍ 2017 ഒക്‌ടോബറിലാണ് റോമിലെ ആക്ടിംഗ് അംബാസഡറായത്. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതിന്റെ പേരില്‍ മുന്‍ അംബാസഡറെ ഇറ്റലി പുറത്താക്കിയതിനെത്തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ നിയമനം. ജോയുടെ അച്ഛനും ഭാര്യാപിതാവും നയതന്ത്ര ഉദ്യോഗസ്ഥരായിരുന്നു. ഉത്തരകൊറിയന്‍ നേതൃത്വത്തിലും ഇവര്‍ക്ക് വലിയ സ്വാധീനമുണ്ടെന്നാണു റിപ്പോര്‍ട്ട്.

Top