വെല്ലുവിളികൾ വേണ്ട , അമേരിക്കയുമായി ഉത്തരകൊറിയ ചര്‍ച്ചകള്‍ക്ക് തയ്യാറാണ് ; റഷ്യ

മോസ്കോ : ഉത്തര കൊറിയയും അമേരിക്കയും പരസ്പരം വെല്ലുവിളികൾ ഉയർത്തുമ്പോൾ പുതിയ സമാധാന സന്ദേശവുമായി റഷ്യ രംഗത്ത്.

അമേരിക്കയുമായി ഉത്തരകൊറിയ തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ നിരന്തരം വെല്ലുവിളിക്കുന്ന സാഹചര്യത്തിലാണ് പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങള്‍ റഷ്യ നടത്തിയിരിക്കുന്നത്.

വിയന്നയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളത്തിന് ശേഷമാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇക്കാര്യം അറിയിച്ചത്.

സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ നേതൃത്വം നല്‍കാമെന്നും ചര്‍ച്ചകളെ പിന്തുണക്കുമെന്നും സെര്‍ജി‌ ലാവ്‌റോവ് അറിയിച്ചെന്ന് ഇന്റര്‍ഫാക്സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ റഷ്യ നടത്തിയ ഈ ഇടപെടലിനോട് അമേരിക്ക പ്രതികരിച്ചിട്ടില്ല.

പക്ഷേ ചര്‍ച്ചകള്‍ക്ക് മുന്‍പ് ആണവനിരായുധീകരണം സംബന്ധിച്ച് സമഗ്രമായ ഉടമ്പടിക്ക് തയ്യാറാകണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരുന്നു.

എന്നാല്‍ ഈ ആവശ്യം പൂര്‍ണമായും ഉത്തരകൊറിയ തള്ളിക്കളഞ്ഞു. യുഎന്‍ പ്രതിനിധിയുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അമേരിക്ക-ഉത്തരകൊറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം പ്യോങ്‌യാങിലെത്തിയ യുഎന്‍ പ്രതിനിധി ജെഫ്രി ഫെല്‍റ്റ്‌മാന്‍ ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി-യോങ്-ഹോ യുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

നീണ്ട ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു യുഎന്‍ പ്രതിനിധി ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്.

വാഷിംഗ്ടൺ അറിയാതെ മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ കൂടിയായ ഫെല്‍റ്റ്‌മാന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് അതൃപ്തി പ്രകടിപ്പിച്ചു.

Top