North Korea is planning a terror attack, spies reveal

സോള്‍: ദക്ഷിണ കൊറിയക്കെതിരെ ആക്രമണത്തിന് ഒരുങ്ങാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ ചാരസംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വ്യാഴാഴ്ച അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സെനൂരി പാര്‍ട്ടി വക്താവാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇക്കാര്യം ചോര്‍ത്തി നല്‍കിയതെന്നാണ് വിവരം.

ആണവായുധ പരീക്ഷണത്തിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ ഭീഷണി. കിം ജോങ്ങിന്റെ ഉത്തരവ് പ്രകാരം അദ്ദേഹത്തിന്റെ ചാര ഏജന്‍സികള്‍ ദക്ഷിണകൊറിയയ്ക്കു മേല്‍ സൈബര്‍ ആക്രമണങ്ങളും മറ്റാക്രമണങ്ങളും നടത്താന്‍ തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനു മുന്‍പും ഉത്തര കൊറിയ ദക്ഷിണ കൊറിയയ്ക്കുമേല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, എന്താണ് ഉത്തര കൊറിയയുടെ പദ്ധതിയെന്ന് കൃത്യമായി മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എങ്ങനെയാണ് വിവരം കിട്ടിയതെന്ന കാര്യം സെനൂരി വക്താവ് വ്യക്തമാക്കിയിട്ടില്ല. തന്റെ പേരു വെളിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറിയകള്‍ തമ്മില്‍ സമാധാനത്തോടെ പുലരാന്‍ വേണ്ട ശ്രമങ്ങള്‍ തുടരുമെങ്കിലും കടന്നുകയറ്റം നടത്തി പ്രകോപിപ്പിച്ചാല്‍ യുദ്ധത്തിനു തയാറെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇവര്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നു. ഇതിനെതിരെ ഉച്ചഭാഷിണി പ്രചാരണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയെങ്കിലും അധികം ഒച്ചവച്ചാല്‍ യുദ്ധമായിരിക്കും ഫലമെന്നായിരുന്നു ഉത്തര കൊറിയയുടെ ഭീഷണി.

Top