ഉത്തരകൊറിയ സ്വയം ആണവായുധ രാഷ്ട്രമായി പ്രഖ്യാപിച്ചു

സോൾ: ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്ന നിയമം ഉത്തര കൊറിയ പാസാക്കി. സ്റ്റേറ്റ് ന്യൂസ് ഏജൻസി കെസിഎൻഎയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ഭരണാധികാരി കിം ജോങ് ഉൻ വ്യക്തമാക്കി.

ഭൂമിയിൽ ആണവായുധങ്ങൾ നിലനിൽക്കുന്നിടത്തോളം, സാമ്രാജ്യത്വവും യുഎസിന്റെയും അതിന്റെ അനുയായികളുടെയും ഉത്തരകൊറിയൻ വിരുദ്ധ കുതന്ത്രങ്ങളും നിലനിൽക്കുന്നിടത്തോളം, നമ്മുടെ ആണവശക്തിയെ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പാത ഒരിക്കലും അവസാനിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ന്യൂക്ലിയർ ടെക്നോളജി മറ്റ് രാജ്യങ്ങളുമായി പങ്കിടുന്നതും പുതിയ നിയമം നിരോധിച്ചിട്ടുണ്ട്.

ഉപരോധങ്ങൾ മറികടന്ന് 2006-2017 കാലയളവിൽ ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ തീരുമാനങ്ങൾക്ക് വിരുദ്ധമായി സൈനിക, മിസൈൽ ശക്തി വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തര കൊറിയ അയൽക്കാരായ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഭീഷണിയാകുകയാണ്.

Top