ജപ്പാനിലേക്ക് മിസൈല്‍ തൊടുത്തുവിട്ട് വടക്കന്‍ കൊറിയ; അതീവ ജാഗ്രതാ നിര്‍ദേശം

ടോക്കിയോ: ജപ്പാനിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ട് വടക്കൻ കൊറിയയുടെ പ്രകോപനം. മിസൈൽ ജപ്പാനിൽ നിന്നും 1860 മൈൽ അകലെ പസഫിക് സമുദ്രത്തിൽ പതിച്ചു. ഇതേത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ജനങ്ങളെ ഒഴിപ്പിച്ച് ഷെൽട്ടറുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റി. കെട്ടിടങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാൻ ജപ്പാൻ സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകി. നിരവധി പേരെ ഭൂഗർഭ അറകളിലേക്ക് മാറ്റി.

നിരവധി ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. വിമാന സർവീസുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ കൊറിയയുടെ നടപടിയെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ അപലപിച്ചു.

പ്രധാനമന്ത്രി ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം വിളിച്ചു. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നതിൽ നിന്നും വടക്കൻ കൊറിയയെ യു എൻ നിരോധിച്ചിട്ടുള്ളതാണ്.

Top