അമേരിക്കയുടെ സകല കണക്കുകൂട്ടലും തെറ്റിച്ച് പോർമുഖം തുറന്ന് ഇറാൻ . . .

ത്തര കൊറിയയുടെ മണ്ണിലെത്തി പെട്ടെന്ന് തന്നെ കിം ജോങ് ഉന്നിന് കൈ കൊടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു ? ഈ ചോദ്യത്തിന് ഉത്തരം തേടിയ ലോക രാഷ്ട്രങ്ങള്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമായി കഴിഞ്ഞു. അമേരിക്ക എന്ന ലോക പൊലീസ് നിലവില്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ലോകത്തിന് മുന്നിലുള്ള അപ്രമാധിത്വം നഷ്ടമാകുമോ എന്ന് ശരിക്കും ഈ സമ്പന്ന- ആയുധ ശക്തി ഭയക്കുന്നുണ്ട്.

ഉത്തര കൊറിയ എന്ന കമ്യൂണിസ്റ്റ് രാഷ്ട്രം തിരിച്ചു വച്ച മിസൈല്‍ അമേരിക്കയെ ചാരമാക്കുമെന്ന ഭയം ട്രംപിനുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരു ഭരണാധികാരിക്കു മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് നിസഹായനായി നില്‍ക്കുന്നത് വേറിട്ട കാഴ്ച തന്നെയായിരുന്നു. ഇവിടെ ഇത്തവണ സൗഹൃദത്തിന്റെ കൈ ആദ്യം നീട്ടിയത് തന്നെ ട്രംപ് ആയിരുന്നു. ഇറാനുമായി ഏതു നിമിഷവും ഉണ്ടായേക്കാവുന്ന യുദ്ധമാണ് ഉത്തര കൊറിയന്‍ മണ്ണില്‍ എത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. ഒരേ സമയം രണ്ടു ശത്രുക്കളെ നേരിടേണ്ട അപകടകരമായ സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്.

ഇന്നും സാമ്രാജ്യത്വ കഴുകന്‍മാരുടെ കണ്ണുകള്‍ എത്തപ്പെടാത്ത രാജ്യമാണ് ഉത്തര കൊറിയ. അതു കൊണ്ടു തന്നെ ആ രാജ്യം എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തില്‍ അമേരിക്കക്ക് വലിയ ആശങ്കയുണ്ടായിരുന്നു. മുന്‍പ് ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ പറഞ്ഞത് പോലെ ആക്രമിച്ചാല്‍ ഒരു പിടി ചുവന്ന മണ്ണ് മാത്രമേ ഉത്തര കൊറിയയില്‍ നിന്നും അമേരിക്കക്ക് കിട്ടുകയുള്ളൂ. കാരണം ക്യൂബയായാലും ഉത്തരകൊറിയ ആയാലും വിയറ്റ്‌നാം ആയാലും പോരാളികളുടെ നാടുകളാണ്. സ്വന്തം രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറുള്ള ജനതയാണ് ഇവിടെയുള്ളത്. ആധുനിക ടെക്‌നോളജിയുടെ കാലത്തും ചങ്കുറപ്പ് ഒന്നുകൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്ന രാജ്യങ്ങളാണിത്. ആക്രമിച്ചാല്‍ അമേരിക്കക്ക് നല്‍കേണ്ടി വരുന്ന വിലയും ഭീകരമായിരിക്കും. ഉത്തര കൊറിയയുടെ മിസൈലിനെ അമേരിക്ക ഭയപ്പെടുന്നതും അതുകൊണ്ടു തന്നെയാണ്.

ലോക ശക്തികളായ ചൈനയും റഷ്യയും ഇനി ഒരു അമേരിക്കന്‍ ആക്രമണത്തെ കയ്യുംകെട്ടി നോക്കി നില്‍ക്കാനുള്ള സാധ്യതയും വിരളമാണ്. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കിടയിലും എങ്ങനെയെങ്കിലും ഇറാനെ ആക്രമിക്കണം എന്ന വാശിയിലാണിപ്പോള്‍ അമേരിക്ക. ഭിന്ന ചേരിയില്‍ നില്‍ക്കുന്ന സൗദി അറേബ്യയും ഇസ്രയേലും ഇറാനെതിരായ നീക്കത്തില്‍ ഒറ്റക്കെട്ടാണ് എന്നതാണ് വിരോധാഭാസം. ഇവരെല്ലാം ആത്യന്തികമായി ആഗ്രഹിക്കുന്നത് ഇറാന്റെ തകര്‍ച്ചയാണ്. അതിന് ഒരവസരത്തിനായായിരുന്നു ഇത്രയും നാള്‍ ഈ രാജ്യങ്ങള്‍ കാത്തിരുന്നത്. ഇപ്പോള്‍ ട്രംപ് തന്നെ അതിനുള്ള അവസരം സൃഷ്ടിച്ചു കഴിഞ്ഞു. അമേരിക്കയുടെ സൈനിക വിന്യാസവും പ്രകോപനവും ഇതിന്റെ ഭാഗമാണ്.

എന്നാല്‍ യുദ്ധ ഭീഷണിയെ അതേ മാര്‍ഗ്ഗത്തില്‍ തന്നെ തിരിച്ചടിച്ചാണ് ഇറാന്‍ പ്രതിരോധ കവചം തീര്‍ക്കുന്നത്. ശത്രു രാജ്യങ്ങള്‍ക്ക് തൊടാന്‍ കഴിയാത്ത അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടും വന്‍ സുരക്ഷയില്‍ സഞ്ചരിച്ച അമേരിക്കന്‍ പടകപ്പലുകള്‍ക്ക് മീതെ പറന്ന് ചിത്രങ്ങള്‍ പകര്‍ത്തിയും ഇറാന്‍ ലോകത്തെ തന്നെ ഞെട്ടിച്ചു. അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണാണെന്ന് തെളിയിക്കുന്നതായിരുന്നു സൗദിക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണം. വലിയ നാശനഷ്ടമാണ് ഈ ആക്രമണത്തില്‍ സൗദി അബ്ഹ വിമാനത്താവളത്തിലുണ്ടാക്കിയത്.

ഹൂതി വിമതര്‍ക്ക് തന്നെ അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത് ഇത്തരം ആക്രമണം സാധ്യമാകുമെങ്കില്‍ ഇറാന് പലതും സാധിക്കും. അമേരിക്കയെ മാത്രമല്ല സൗദി ഉള്‍പ്പെടെയുള്ള മറ്റു അറബ് രാഷ്ട്രങ്ങളെയും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. ഇറാനെ ആക്രമിക്കുന്നതിന് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും യുദ്ധവിമാനക്കള്‍ക്കും സൗകര്യമൊരുക്കിയ അറബ് രാഷ്ട്രങ്ങളുടെ നടപടിയില്‍ രോഷാകുലരാണ് ഇറാന്‍. യുദ്ധം ലഹരിയായി കാണുന്ന പേര്‍ഷ്യന്‍ പോരാളികളായ ഇറാന്‍ സൈന്യം എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി കഴിഞ്ഞു.

മേഖലയിലെ മുഴുവന്‍ അമേരിക്കന്‍ സൈനിക താവളങ്ങളും പടക്കപ്പലുകളും തങ്ങളുടെ ആക്രമണ പരിധിയിലായി കഴിഞ്ഞെന്ന് ഇറാന്‍ ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. 36 സൈനിക കേന്ദ്രങ്ങളാണ് ഇറാന്റെ നിരീക്ഷണത്തിലുള്ളത്. ഏതെങ്കിലും തരത്തിലുള്ള ചെറിയ പ്രകോപനം ഉണ്ടായാല്‍ പോലും അരമണിക്കൂറിനുള്ളില്‍ ഇസ്രയേലിനെ ഭൂമുഖത്ത് നിന്നും തുടച്ച് നീക്കുമെന്നാണ് ആദ്യ മുന്നറിയിപ്പ്.

സിറിയയിലെ ഇറാന്റെ ആയുധ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം ഇറാനെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ബഷാര്‍ അല്‍ അസ്സദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ വിമതരായ കുര്‍ദ് പോരാളികള്‍ക്കൊപ്പം പോരാടുന്ന നയമാണ് അമേരിക്കക്കും ഇസ്രയേലിനുമുള്ളത്. അതിനാല്‍ത്തന്നെ സിറിയയുടെ പേരില്‍ ഇറാനും ഇസ്രയേലും തമ്മിലുള്ള ശീതയുദ്ധം വര്‍ഷങ്ങളായുണ്ട്.

പലസ്തീന്‍ പോരാളികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന പരാതിയും ഇസ്രായേലിനുണ്ട്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രണം സിറിയയിലെ ഇറാന്റെ സുപ്രധാന ആയുധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. അമേരിക്കക്ക് ഒപ്പം നിന്ന് ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ നടത്തുന്ന നീക്കത്തില്‍ ഇറാനിലും ജനരോക്ഷം ശക്തമാണ്.

ഈ പശ്ചാത്തലത്തില്‍ ആയുധ നിര്‍മ്മാണത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിലേക്കും ഇറാന്‍ തിരിഞ്ഞിട്ടുണ്ട്. 2015ലെ കരാര്‍ അനുസരിച്ച് ഇറാന് കൈവശം വയ്ക്കാവുന്ന യുറേനിയത്തിന്റെ പരിധി 202.8 കിലോഗ്രാമാണ്. എന്നാല്‍ ഇതിനകം തന്നെ 300 കിലോഗ്രാമില്‍ കൂടുതല്‍ ആണവ ഇന്ധനം ഇറാന്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. 2015ലെ പരിധി ലംഘിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ആണവകരാര്‍ വ്യവസ്ഥകളില്‍ നിന്നുള്ള പിന്‍മാറ്റം ജൂലൈ ഏഴു മുതല്‍ ആരംഭിക്കുമെന്ന് ഇറാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. 2015ലെ ആണവക്കരാറില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയും ഉപരോധങ്ങള്‍ പുന:സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇറാനും നിലപാട് മാറ്റിയിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച നടപടികളും ഉപരോധം മറികടക്കാര്‍ പര്യാപ്തമായിരുന്നില്ല. ഇതോടെയാണ് സ്വയം ശക്തി ആര്‍ജിക്കാനുള്ള നീക്കത്തിലേക്ക് ഇറാന്‍ കടന്നിരുന്നത്.

യുദ്ധമെങ്കില്‍ യുദ്ധം എന്ന നിലപാടിലേക്ക് പോകാന്‍ ഇറാനെ പ്രേരിപ്പിച്ചതും അതിജീവനത്തിനുള്ള അവസാന ശ്രമം എന്ന നിലയിലാണ്. ഉപരോധങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്ന പ്രശ്‌നമില്ലെന്ന് ആ രാജ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയുടെ കാല് പിടിച്ച് മുന്നോട്ട് പോകുന്നതിലും ഭേദം പൊരുതി വീഴുന്നതാണെന്ന് പ്രഖ്യാപിച്ചാണ് ഇറാന്‍ പോരാളികള്‍ യുദ്ധമുഖത്തേക്ക് പോകാന്‍ തയ്യാറാകുന്നത്.

ഒരു യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെങ്കിലും ഇറാന്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് അമേരിക്കയെ സംബന്ധിച്ച് മറികടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇറാഖിനെ ആക്രമിച്ച് കീഴടക്കിയ അനുഭവമാകില്ല ഇറാനോട് ഏറ്റുമുട്ടിയാല്‍ ഉണ്ടാകുക. അക്കാര്യം ഉറപ്പാണ്.

Staff Reporter

Top