കിം ജോങ് ഉന്നുമായുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്ന് ട്രംപ്

പ്യോങ്യാംഗ് : ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള രണ്ടാമത് ഉച്ചകോടി അടുത്ത വര്‍ഷാദ്യത്തിലുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി20 ഉച്ചകോടി കഴിഞ്ഞ് അര്‍ജന്റീനയില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ട്രംപ് ഉച്ചകോടിയെക്കുറിക്കുറിച്ച് പ്രതികരിച്ചത്.

കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ച ഉറപ്പും കിം ജോങ് ഉന്‍ അവിടെവച്ചു നല്‍കി. ഇതിന്റെ ഭാഗമായി പ്രധാന മിസൈല്‍ കേന്ദ്രമുള്‍പ്പെടെ ഉത്തരകൊറിയ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

എന്നാല്‍ ഉത്തരകൊറിയയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ ആണവ മിസൈലുകളുടെ നിര്‍മാണത്തിലേക്ക് തിരികെ പോകുമെന്ന് കിം ജോങ് ഉന്‍ ഇതിനിടെ ഭീഷണി മുഴക്കിയിരുന്നു.

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ട്രംപ് – കിം കൂടിക്കാഴ്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു ശേഷമാണിപ്പോള്‍ അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

Top