അമേരിക്കയെ പൂട്ടാന്‍ അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുമായി ഉത്തര കൊറിയ

kim-jong-un

സോള്‍: അന്തര്‍വാഹിനിയില്‍നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ. കിഴക്കന്‍ തുറമുഖനഗരമായ സിന്‍പോയ്ക്കു സമീപം കടലില്‍നിന്നാണ് ഹ്രസ്വദൂര മിസൈല്‍ തൊടുത്തത്. ഇവിടെ ഉത്തര കൊറിയയ്ക്ക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്ന വമ്പന്‍ കപ്പല്‍ശാലയുണ്ട്. പരീക്ഷണത്തിന്റെ ചിത്രങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടു.

രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരം ആയുധം പരീക്ഷിക്കുന്നതെന്നും സമുദ്രാന്തര്‍ സൈനിക നീക്കങ്ങള്‍ക്ക് ഇതു കരുത്ത് പകരുമെന്നും ഉത്തരകൊറിയ അറിയിച്ചു. മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായി ദക്ഷിണ കൊറിയന്‍ സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

സെപ്റ്റംബറിനു ശേഷം അഞ്ചാം തവണയാണ് ഉത്തരകൊറിയ മിസൈലുകള്‍ പരീക്ഷിക്കുന്നത്. ട്രെയിനില്‍നിന്നു വിക്ഷേപിക്കാവുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലും ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.

ഉത്തരകൊറിയയ്ക്കെതിരായ രാജ്യാന്തര ഉപരോധം, യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം എന്നിവ ഒഴിവാക്കുന്നതിന് അമേരിക്കയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഉത്തരകൊറിയ ഇത്രയും സുപ്രധാനമായ പരീക്ഷണം നടത്തുന്നത് ആദ്യമായാണ്. മുന്‍ ഉപാധികളൊന്നും ഇല്ലാതെ ഉത്തരകൊറിയയുമായി ആണവചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ തയാറാണെന്ന് ബൈഡന്‍ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരകൊറിയ ഈ നിര്‍ദേശം തള്ളി. പ്രകോപനപരമായ നീക്കങ്ങളില്‍നിന്നു വിട്ടു നില്‍ക്കണമെന്ന് അമേരിക്ക ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top