അധികാരത്തിലെത്തിയ ശേഷം കിം ജോങിന്റെ ആദ്യ വിദേശ സന്ദര്‍ശനം ; ചൈനയിലെത്തിയതായി സൂചന

kim-jong-un

ബെയ്ജിങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചൈനയില്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അതീവ രഹസ്യമായാണ് അദ്ദേഹം ചൈനയിലെത്തിയതെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2011ല്‍ അധികാരത്തിലെത്തിയ ശേഷം കിം ജോങ് നടത്തുന്ന ആദ്യത്തെ വിദേശ സന്ദര്‍ശനമാണിത്.

എന്നാല്‍ സന്ദര്‍ശനം സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. ഡാങ്‌ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ സുഹൃദ് രാജ്യമായ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കിം താമസിക്കുന്നത് എവിടെയെന്നോ ചൈനയില്‍ കിമ്മിന്റെ പരിപാടികള്‍ എന്തൊക്കെയെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായിട്ടില്ല.

ഉത്തരകൊറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ചൈന എതിര്‍പ്പുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നത്.

കിം ചൈനയിലെത്തിയതെന്ന് കരുതുന്ന ഒരു ട്രെയിനിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ഉത്തര കൊറിയയുടെ നേതാക്കള്‍ വിദേശയാത്രകള്‍ക്ക് ഉപയോഗിക്കാറുള്ള തരം പഴയ രീതിയിലുള്ള ഒരു തീവണ്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Top