സമാധാനകരാര്‍ ലംഘിച്ച് ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കാന്‍ ഉത്തരകൊറിയ

സോള്‍: ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയിലെ സമാധാന കരാറുകള്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ലൗഡ് സ്പീക്കറുകള്‍ പുനഃസ്ഥാപിച്ച് ഉത്തര കൊറിയ. ഇതേത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ സൈന്യവും സമാന നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി സൂചന. അതിര്‍ത്തിയിലെ ലയ്‌സണ്‍ ഓഫിസ് തകര്‍ത്തത് അടക്കം അടുത്തിടെയായി ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഭിന്നത വര്‍ധിച്ചു വരികയാണ്.

ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചുവെന്നും സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിയും ഉത്തര കൊറിയ നടത്തിയിരുന്നു. ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളെ കിമ്മിന്റെ നടപടികള്‍ തകര്‍ക്കുകയാണ്.

അതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളെ മാനസികമായി തങ്ങളോട് അടുപ്പിക്കാന്‍ സംഘടിതമായ ആശയപ്രചാരണമാണ് ഇരു രാജ്യങ്ങളും ലൗഡ്‌സ്പീക്കറിലൂടെ നടത്തിയിരുന്നത്.

കൊറിയന്‍ പോപ് ഗാനങ്ങള്‍, വാര്‍ത്ത, ഉത്തര കൊറിയന്‍ നേതൃത്വത്തിനെതിരായ വിമര്‍ശനം തുടങ്ങിയവയാണ് ദക്ഷിണ കൊറിയ നടത്തിയിട്ടുള്ളത്. ഉത്തര കൊറിയ ആകട്ടേ, ദക്ഷിണ കൊറിയയെ നിശിതമായി വിമര്‍ശിക്കുന്നതിനൊപ്പം തങ്ങളുടെ സോഷ്യലിസ്റ്റ് സംവിധാനത്തെ പുകഴ്ത്തുകയും ചെയ്യും.ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലെ സൈനിക നിയന്ത്രണ രഹിത മേഖലയ്ക്കു (ഡീമിലിറ്ററൈസ്ഡ് സോണ്‍ ഡിഎംസെഡ്) സമീപമാണ് ഉത്തര കൊറിയ ലൗഡ് സ്പീക്കറുകള്‍ പുനഃസ്ഥാപിച്ചത്.

Top