North Korea announces hydrogen bomb test

ടോക്കിയോ: ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായി.

സാധാരണ ആണുബോംബിനേക്കാള്‍ ശക്തികൂടിയതാണ് ഹൈഡ്രജന്‍ ബോംബാണ് പരീക്ഷണം നടത്തിയത്. രാജ്യം ആദ്യമായാണ് ഹൈഡ്രജന്‍ അണുബോംബ് പരീക്ഷണം നടത്തിയത്.

ലോകരാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയയുടെ ആണവപരീക്ഷണം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. 2005ല്‍ അണുബോബംബ് ഉണ്ടാക്കിയതായി ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് അവര്‍ മൂന്നു തവണ ആണവപരീക്ഷണം നടത്തിയത്.

2006ല്‍ നടത്തിയ പരീക്ഷണം ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലെയും ഭൂകമ്പമാപിനികളില്‍ രേഖപ്പെടുത്തിയിരുന്നു. ഉത്തര കൊറിയ രണ്ടാം ആണവ പരീക്ഷണം നടത്തുന്നത് 2009ലാണ്. പിന്നീട് 2013ലും അവര്‍ പരീക്ഷണം നടത്തി. തുടര്‍ന്ന് ഉത്തര കൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ സമ്പൂര്‍ണ്ണ നിരോധനം നിലവില്‍ വന്നു.

ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.

2013ല്‍ ഉത്തരകൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയപ്പോള്‍ ഉണ്ടായ ഭൂചലനത്തിനു സമാനമാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ പക്ഷം. യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരകൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ കില്‍ജു നഗരത്തിന് 50 കിലോമീറ്റര്‍ സമീപത്ത്, ഭൂമിക്ക് പത്തു കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനം ആണവ പരീക്ഷണത്തിന്റെ തുടര്‍ച്ചയാണെന്ന് ജപ്പാനും ആരോപിച്ചു. ഉത്തര കൊറിയ നേതാവ് കിം ജോംഗ് ഉന്നിന്റെ ജന്മദിനത്തിനു രണ്ട് ദിവസം മുമ്പാണ് ആണവ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

അമേരിക്കയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയ പ്രതികരിച്ചു.

Top