ഔദ്യോഗിക വിമാനത്തിന്റെ പറക്കല്‍ അവസാന നിമിഷം ഉപേക്ഷിച്ച് ഉത്തര കൊറിയ

പ്യോങ്ങാങ്: ഔദ്യോഗിക വിമാനത്തിന്റെ പറക്കല്‍ അവസാന നിമിഷം ഉപേക്ഷിച്ച് ഉത്തര കൊറിയ. രാജ്യത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ കൊറിയോയുടെ രാജ്യാന്തര വാണിജ്യ സര്‍വീസാണു നടക്കാതെ പോയത്.മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള തയാറെടുപ്പിനൊടുവിലാണ് വിമാനത്തിന്റെ പറക്കല്‍ ഉപേക്ഷിച്ചത്.

കോവിഡ് മഹാമാരി പടര്‍ന്നതോടെയാണ് 2020ന്റെ തുടക്കത്തില്‍ ഉത്തര കൊറിയയുടെ അതിര്‍ത്തികള്‍ ഭരണാധികാരി കിം ജോങ് ഉന്‍ അടച്ചതും വിമാന സര്‍വീസ് അവസാനിപ്പിച്ചതും. സര്‍വീസ് പുനഃരാരംഭിച്ചെന്ന് അറിയിച്ചശേഷം സമയക്രമം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍, പറക്കാന്‍ നിശ്ചയിച്ചതിന്റെ 2 മണിക്കൂര്‍ മുന്‍പ് അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം റദ്ദാക്കിയതിനു വിശദീകരണമൊന്നും ഉത്തര കൊറിയ നല്‍കിയിട്ടില്ലെന്നു ബെയ്ജിങ് വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്ങാങ്ങില്‍നിന്നു ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കു വിമാനസര്‍വീസ് പുനഃരാരംഭിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Top