കിം ജോങ് ഉന്‍ മിടുക്കനായ ഭരണാധികാരി ; ബുദ്ധിക്കു പ്രശ്‌നവുമുള്ളതായി അറിയില്ലെന്ന് ട്രംപ്

Trump and kim

വാഷിങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ‘മിടുക്കനായ’ വ്യക്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

കര്‍ക്കശക്കാരായ വ്യക്തികളെ ‘കൈകാര്യം ചെയ്ത്’ ചെറുപ്രായത്തില്‍ത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ മാധ്യമമായ സിബിഎസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കിം ജോങ് ഉന്നിനെക്കുറിച്ച് ട്രംപ് പറഞ്ഞത്.

യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദ, ഉപരോധ തന്ത്രങ്ങളില്‍ വീഴാതെ ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്നത് യുദ്ധഭീതി വളര്‍ത്തുന്നതിനിടെയാണ് ട്രംപിന്റെ അഭിപ്രായ പ്രകടനമെന്നതും ശ്രദ്ധേയമാണ്. അതേസമയം, കിം ജോങ് ഉന്നിന്റെ സ്ഥിരബുദ്ധിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് തനിക്കറിയില്ലെന്നും ഒരു ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു.

കിം ജോങ് ഉന്നിന് ബുദ്ധിക്കു വല്ല പ്രശ്‌നവുമുണ്ടോയെന്ന് ആളുകള്‍ ചോദിക്കുന്നു. എനിക്കതിനേക്കുറിച്ച് ഒരു പിടിയുമില്ല. പക്ഷേ, പിതാവ് മരിക്കുമ്പോള്‍ അയാള്‍ ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസുള്ള യുവാവായിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കര്‍ക്കശക്കാരായ വ്യക്തികളെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതെന്നു ട്രംപ് പറഞ്ഞു.

ചെറുപ്രായത്തില്‍ത്തന്നെ അധികാരത്തിലെത്തിയ വ്യക്തിയാണ് കിം ജോങ് ഉന്നെന്നും ആ സമയത്ത്‌ അധികാരം പിടിച്ചെടുക്കാന്‍ അയാളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. എന്നാല്‍, ഇവരെയൊക്കെ പിന്തള്ളി അധികാരം പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ അയാള്‍ സമര്‍ഥനായ വ്യക്തിയാണെന്ന് ഉറപ്പല്ലേയെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യുഎസിനെ പ്രകോപിപ്പിച്ച് ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കാന്‍ ട്രംപ് തയാറായില്ല. തങ്ങളുടെ എല്ലാ നീക്കങ്ങളും വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന് വ്യക്തമാക്കിയാണ് പ്രതികരിക്കാന്‍ ട്രംപ് വിസമ്മതിച്ചത്. ഇതു ചെസ്സു കളി പോലെയാണെന്നും തന്റെ ചിന്തകള്‍ എന്താണെന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും ട്രംപ് അറിയിച്ചു.

അതേസമയം, ഉത്തര കൊറിയ ഇനിയുമൊരു മിസൈല്‍ പരീക്ഷണത്തിന് തുനിഞ്ഞാല്‍ അതു യുഎസിനെ സംബന്ധിച്ച് സന്തോഷകരമായ ഒരു വാര്‍ത്ത ആയിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇത് സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണോ എന്ന ചോദ്യത്തിന്, അറിയില്ലെന്നായിരുന്നു മറുപടി. കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയായി തുടര്‍ച്ചയായി അണുപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയ, ആറാം പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന സൂചനകള്‍ ശക്തമാണ്. ഇതിനെ പ്രതിരോധിക്കാന്‍ കൊറിയന്‍ മുനമ്പിലേക്ക് യുഎസ് നാവിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതി സൃഷ്ടിക്കുകയും ചെയ്തു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുഎസിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഉത്തര കൊറിയയുടെ രാഷ്ട്രപിതാവിന്റെ ഓര്‍മദിനത്തില്‍ പരീക്ഷണം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, അവരുമായി സൗഹൃദം പുലര്‍ത്തുന്ന ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ യുഎസ് ശക്തമായ താക്കീതു നല്‍കിയതു കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ നാലാം വട്ടവും മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

യുഎന്‍ രക്ഷാസമിതി യോഗം സമാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം.

Top