ഓഗ്‌ബെച്ചെയ്ക്കു പകരമായി ഗ്യാനെയെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ന്യൂഡല്‍ഹി: മുന്‍ ഘാന ദേശീയ ടീം ക്യാപ്റ്റന്‍ അസമോവ ഗ്യാനെയെ സ്വന്തമാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മുന്‍ പിഎസ്ജി സ്‌ട്രൈക്കര്‍ ബാര്‍ത്തോലോമ്യൂ ഓഗ്‌ബെച്ചെ കേരള ബ്ലാസ്റ്റേഴ്‌സിലേക്കു മാറിയതിനു പകരമായാണ് ഈ മുപ്പത്തി മൂന്നുകാരനായ ആഫ്രിക്കന്‍ താരത്തെ ഐഎസ്എല്‍ ഫുട്‌ബോള്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത സീസണില്‍ താരത്തെ കളത്തിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഡിനീസ് (ഇറ്റാലിയന്‍ സെരി എ), റെനേ (ഫ്രഞ്ച് ലീഗ്), സണ്ടര്‍ലന്‍ഡ് (ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്) തുടങ്ങിയ മുന്‍നിര ക്ലബുകളില്‍ കളിച്ച ഗ്യാന്‍ 2017ല്‍ തുര്‍ക്കി ക്ലബ് കയ്‌സെരിപോറിലേക്കു മാറിയിരുന്നു. തുര്‍ക്കിഷ് ക്ലബുമായുള്ള കരാര്‍ അവസാനിച്ചതോടെ ഫ്രീ ഏജന്റായ ഗ്യാനെ കൈമാറ്റത്തുക നല്‍കാതെതന്നെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി.

ഇതിനിടെ നാലുവര്‍ഷം യുഎഇയില്‍ കളിച്ച ഗ്യാന്‍ 83 കളികളില്‍നിന്നു 95 ഗോള്‍ നേടി. പിന്നാലെ 2015ല്‍ ഗ്യാന്‍ ചൈനീസ് സൂപ്പര്‍ ലീഗിലേക്കു ചേക്കേറി. വമ്പന്‍ പ്രതിഫലമാണു ഗ്യാനെ ചൈനയിലേക്കു ചുവടുമാറാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു പിന്നാമ്പുറ സംസാരം. പ്രതിമാസം 10 ലക്ഷം യുഎസ് ഡോളര്‍ പ്രതിഫലം ലഭിക്കുമെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. അവിടെ നിന്നാണ് തുര്‍ക്കിയിലേക്കു പോയത്.

2014 ബ്രസീല്‍ ലോകകപ്പില്‍ ഘാനയെ നയിച്ച ഗ്യാന്‍ 107 കളികളില്‍ 51 ഗോളുകള്‍ നേടിയിട്ടുണ്ട്. മൂന്നു തവണ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നേടിയ ഘന ടീമിന്റെ ഭാഗമായ ഗ്യാന്‍ ഈ മേയിന്‍ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചെങ്കിലും, പിന്നീടു ഘാന പ്രസിഡന്റ് നാന അദോ ഡാന്‍ക്വവയുടെ അഭ്യര്‍ഥനപ്രകാരം തീരുമാനത്തില്‍ നിന്നു പിന്‍മാറി. 409 മത്സരങ്ങളില്‍ 212 ഗോളാണു ക്ലബ് കരിയറിലേ നേട്ടം. കഴിഞ്ഞ സീസണില്‍ 12 ഗോള്‍ നേടിയതിനുശേഷമാണു മുന്‍ നൈജീരിയന്‍ കൂടിയായ ഓഗ്ബെച്ചെ നോര്‍ത്ത് ഈസ്റ്റില്‍നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്കു മാറിയത്.

Top