തിരുവനന്തപുരം/ചെന്നൈ: വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) തമിഴ്‌നാട്ടിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും ആന്ധ്രയുടെ തീരദേശത്തും മൺസൂൺ എത്തി. കേരളത്തിൽ തുലാവർഷം നാളെ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അലർട്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കൻ ജില്ലയിൽ അലർട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്.
തമിഴ്‌നാട്ടിൽ പ്രധാനമായും വടക്കു കിഴക്കൻ മൺസൂൺ കാലത്താണ് മഴ ലഭിക്കുന്നത്. വർഷത്തിൽ ലഭിക്കുന്നതിന്റെ 48 ശതമാനം മഴയാണ് ഈ സീസണിൽ ശരാശരി ലഭിക്കുക.