കൊറിയന്‍ പെനിന്‍സുലയിലെ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണ

korea

സോള്‍: കൊറിയന്‍ പെനിന്‍സുലയിലെ സൈനിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ ധാരണയായി. ഇതിന്റെ ഭാഗമായി മേയില്‍ ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഉത്തര കൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സുസ്ഥിര സമാധാനം ഉറപ്പുവരുത്തുന്നതിന് കരാറില്‍ ഏര്‍പ്പെടുമെന്ന് ഇരു രാഷ്ട്രത്തലവന്‍മാരും വ്യക്തമാക്കി. സൈനിക ആയുധ ഉപയോഗം കുറയ്ക്കുക, വിദ്വേഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്‍തിരിയുക, അതിര്‍ത്തികള്‍ സമാധാന മേഖലകളാക്കുക, അമേരിക്ക അടക്കമുള്ള ഇതര രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമുണ്ടായിട്ടുണ്ട്.

സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം സ്ഥാപിക്കും. ഇരു രാജ്യങ്ങളും പരസ്പരം ലയേസണ്‍ ഓഫീസുകളും തുറക്കാനും കൃത്യമായ ഇടവേളകളില്‍ ഹോട്ട്‌ലൈന്‍ വഴി ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

സമാധാന ഉടമ്പടി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. മേയ് ഒന്നാം തീയതി മുതല്‍ എല്ലാ തരത്തിലുള്ള സംഘടിത പ്രചാരവേലകളും ലഘുലേഖകള്‍ വഴിയുള്ള വിരുദ്ധ പ്രചരണങ്ങളും അവസാനിപ്പിക്കാന്‍ ഇരു നേതാക്കളും തമ്മില്‍ ധാരണയായി.

ഒരു പതിറ്റാണ്ടിനു ശേഷമാണ് ഉത്തര, ദക്ഷിണ കൊറിയയുടെ തലവന്‍മാര്‍ തമ്മില്‍ ഔപചാരിക കൂടിക്കാഴ്ച നടക്കുന്നത്. ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലുള്ള പന്‍മുന്‍ജോങ് എന്ന സമാധാന മേഖലയിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിസമാപ്തിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച.

Top