ബ്രിട്ടനില്‍ നോറോ വൈറസ് പടരുന്നു

ലണ്ടന്‍: കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ജനജീവിതം പഴയപടിയാക്കിയ ബ്രിട്ടീഷ് സര്‍ക്കാരിന് തലവേദനയായി മറ്റൊരു വൈറസ് വ്യാപനം. കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ 154 പേരിലാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. വ്യാപനം കൂടുതലാണെങ്കിലും മറ്റ് പ്രശ്നങ്ങളൊന്നും നോറോ വൈറസ് വരുത്തിവയ്ക്കില്ലെന്നത് ആശങ്ക കുറയ്ക്കുന്നു. സ്വയം ചികിത്സ കൊണ്ട് രണ്ട് മുതല്‍ മൂന്ന് ദിവസം കൊണ്ട് രോഗം ഭേദമാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഛര്‍ദിക്കും വയറിളക്കത്തിനും കാരണമാകുന്ന വൈറസാണ് നോറോ വൈറസ്. പൊതുവെ ശൈത്യകാലത്താണ് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. രോഗബാധിതനായ ഒരാളുടെ ശരീരത്തില്‍ വളരെയധികം വൈറസുകളുടെ സാന്നിധ്യം കാണാന്‍ കഴിയുമെങ്കിലും ഇതില്‍ വളരെ കുറച്ചെണ്ണം മാത്രമെ രോഗത്തിന് കാരണമാകുന്നുള്ളു.

ഛര്‍ദിയും വയറിളക്കവുമാണ് വൈറസ് ബാധിച്ചാലുള്ള പ്രധാന ലക്ഷണങ്ങള്‍. ശരീരം ക്ഷീണിക്കുക, ശരീര താപനില ഉയരുക, തലവേദന, കൈകള്‍ക്കും കാലിനും വേദന തുടങ്ങിയവയും വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്.

വളരെ എളുപ്പത്തിലും വേഗത്തിലും പകരുന്ന വൈറസ് ബാധയാണ് നോറ. രോഗബാധിതനുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരും. വൈറസുള്ള പ്രതലം സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരാം. രോഗ ബാധിതന്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിച്ചാലും, രോഗബാധിതന്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചാലും വൈറസ് ബാധയുണ്ടാകും. രോഗം ബാധിച്ചെന്ന ബോധ്യപ്പെട്ടാല്‍ വീടിന് പുറത്തിറങ്ങാതിരിക്കുക.

രോഗബാധിതനെ നമുക്ക് തന്നെ ചികിത്സിക്കാനാകും. വിശ്രമിക്കുകയും, നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം. ഇതിനായി ധാരാളം വെള്ളം കുടിക്കുകയും, അത്തരം പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്താല്‍ രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമാകും. രോഗിയെ ചികിത്സിക്കുമ്പോള്‍ രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കാനും ശ്രദ്ധിക്കണം.

 

Top