വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട്: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

വെറ്ററിനറി കോളേജിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ദസംഘം സ്ഥലം സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ മലം പരിശോധനയ്ക്കായി അയക്കുകയുമായിരുന്നു. ഈ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുന്‍പും കേരളത്തില്‍ നോറോ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലിനമായ ജലത്തിലൂടേയും ഭക്ഷണത്തിലൂടേയുമാണ് നോറോ വൈറസ് പടരുക. വൈറസ് ബാധിതരില്‍ നിന്ന് നേരിട്ടും പകര്‍ച്ചയുണ്ടാവാം. വയറിളക്കം, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ അധികമായാല്‍ നിര്‍ജലീകരണം സംഭവിച്ച് ആരോഗ്യനില വഷളാവാന്‍ സാധ്യതയുണ്ട്.

വൈറസ് ശരീരത്തില്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാവും. വൈറസ് ബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കി വിശ്രമിക്കാനും ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറാമെങ്കിലും അതു കഴിഞ്ഞുള്ള രണ്ട് ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്.

Top