ഷെറിന്‍ മാത്യുവിന്റെ മരണം: വെസ്ലിക്കും സിനിക്കും രണ്ടാമത്തെ കുഞ്ഞിലും അവകാശമില്ല

sherin

ഹൂസ്റ്റണ്‍: മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജയില്‍ കഴിയുന്ന മാതാപിതാക്കളായ വെസ്ലി മാത്യുവിനും സിനി മാത്യുവിനും ഇനി സ്വന്തം കുഞ്ഞിന്റെ പേരിലും അവകാശമില്ല.

ഷെറിന്റെ കൊലപാതത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇരുവരും കുഞ്ഞിനെ വളര്‍ത്താന്‍ യോഗ്യരല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കുഞ്ഞിന്റെ അവകാശവാദമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി ഷെറിന്റെ മാതാപിതാക്കളായ വെസ്ലി മാത്യുവും സിനി മാത്യുവും ഇന്നലെ പിന്‍വലിച്ചിരുന്നു. നിലവില്‍ ഹൂസ്റ്റണിലുള്ള ഇവരുടെ ബന്ധുക്കള്‍ക്കാണ് നാലു വയസ്സുള്ള ഈ കുട്ടിയുടെ സംരക്ഷണ ചുമതല.

അമേരിക്കയിലെ ടെക്‌സാസില്‍ വെച്ചാണ് ഷെറിന്‍ മാത്യു കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് മൂന്നുവയസ്സുകാരിയായ ഷെറിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 22ന് കുട്ടിയുടെ മൃതദേഹം ഡാലസിലെ ഒരു ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

മരിച്ചത് ഷെറിന്‍ തന്നെയാണെന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് അച്ഛന്‍ വെസ്ലി മാത്യുവിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. വധശിക്ഷയോ പരോള്‍ കൂടാതെയുള്ള ആജീവനാന്ത തടവുശിക്ഷയോ ആണ് വെസ്ലിയെ കാത്തിരിക്കുന്നത്.

കുട്ടിയെ ഉപേക്ഷിച്ചതിനാണ് സിനി മാത്യൂസിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പലപ്പോഴും ഒറ്റയ്ക്കാക്കി ഇവര്‍ പുറത്തുപോയിരുന്നതായും ഷെറിനെ കാണാതായി എന്നറിഞ്ഞിട്ടും ഇവര്‍ തിരക്കിയിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിരുന്നു. കുട്ടിക്ക് വീടിനുള്ളില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നെന്നും, ഷെറിന്റെ അസ്ഥികള്‍ പല തവണ ഒടിഞ്ഞിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Top