കാശ്മീര്‍ അപകടം: ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നോര്‍ക്ക സംഘം ശ്രീനഗറില്‍

കാശ്മീര്‍: കാശ്മീരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവര്‍ക്ക് സാഹായം ലഭ്യമാക്കുന്നതിനുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ശ്രീനഗറില്‍. ഡല്‍ഹിയിലെ എന്‍.ആര്‍.കെ. ഡെവലപ്‌മെന്റ് ഓഫീസര്‍ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.

അപകടത്തില്‍ മരണപ്പെട്ട പാലക്കാട് ചിറ്റൂര്‍ സ്വദേശി സുധീഷ് , അനില്‍, വിഘ്‌നേഷ്, രാഹുല്‍ , എന്നിവരുടെ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു. ശ്രീനഗറിലെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഭൗതികശരീരങ്ങള്‍ ഉള്ളത്. മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭ്യമാകുകയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തശേഷം നാളെ (വ്യാഴാഴ്ച) മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൗതിക ശരീരങ്ങള്‍ വിമാനത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ നോര്‍ക്ക റൂട്ട്‌സ് വഴി കേരള സര്‍ക്കാര്‍ വഹിക്കും. മൃതദേഹത്തോടൊപ്പം വരുന്ന അടുത്ത ബന്ധുവിന്റെ യാത്രാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ് സൗറയിലെ എസ്.കെ.ഐ.എം.എസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മനോജിന്റെ നില ഗുരുതരം.സോക്ടര്‍മാര്‍ 72 മണിക്കൂര്‍ നീരീക്ഷണം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്ന ഏഴ് മലയാളികളില്‍ മറ്റ് രണ്ടുപേരായ രാജേഷ്, അരുണ്‍ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഈ വാഹനത്തില്‍ ഉണ്ടായിരുന്ന കാശ്മീര്‍ സ്വദേശിയായ ഡ്രൈവറും മരണപ്പെട്ടിരുന്നു.

Top