ഉച്ചയ്ക്ക് വിശ്രമം: ജൂണില്‍ പിടികൂടിയത് 73 നിയമലംഘനങ്ങള്‍

കുവൈറ്റ്: കഴിഞ്ഞമാസം മാന്‍ പവര്‍ അതോറിറ്റി അധികൃതര്‍ നടത്തിയ പരിശോധനകളില്‍ മധ്യാഹ്ന ജോലി വിലക്ക് ലംഘിച്ച് ഉച്ചനേരത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച 73 കമ്പനികളെ പിടികൂടി. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തില്‍ അതോറിറ്റിയിലെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റെ് മേധാവി അസീല്‍ അല്‍ മസീദ് ആണ് ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര തൊഴില്‍ നിയമപ്രകാരം കടുത്ത ചൂട് അനുഭവപ്പെടുന്ന ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മാസങ്ങളില്‍ കുവൈറ്റിലും മധ്യാഹ്ന ജോലി വിലക്ക് പ്രാബല്യത്തിലാണ്. രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനും അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും നിയമലംഘനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 73 നിര്‍മാണ ഇടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.

76 തൊഴിലാളികളാണ് നിയമം ലംഘിച്ച് ജോലി ചെയ്തതായായി കണ്ടെത്തിയത്. മന്ത്രാലയങ്ങളുടെ ഹോട്ട് ലൈന്‍ നമ്പര്‍ വഴി നേരിട്ടും സമൂഹമാധ്യമങ്ങള്‍ വഴി നേരിട്ടല്ലാതെയും പരാതി ലഭിച്ച അഞ്ചു സംഭവങ്ങളാണ് പിടികൂടാനായത്. മധ്യാഹ്ന ജോലി വിലക്കുമായി ബന്ധപ്പെട്ട പരാതികള്‍ 99444800 എന്ന നമ്ബറില്‍ നേരിട്ടോ 69009600 എന്ന നമ്പറില്‍ വാട്‌സ്അപ്പ് വഴിയോ pr@manpower.gov.kw എന്ന മെയില്‍ അഡ്രസിലൂടെയോ അറിയിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

Top