യാത്രക്കാരന് മാംസാഹാരം വിളമ്പിയസംഭവം; എയര്‍ ഇന്ത്യ ജീവനക്കാരിയെ തല്ലിയതായി പരാതി

airindia

ന്യൂഡല്‍ഹി:എയര്‍ ഇന്ത്യയിലെ യാത്രക്കാരനു സസ്യാഹാരത്തിനു പകരം അബദ്ധത്തില്‍ മാംസാഹാരം വിളമ്പിയ എയര്‍ ഇന്ത്യ ജീവനക്കാരിയെ മേലുദ്യോഗസ്ഥ തല്ലിയതായി പരാതി. മാര്‍ച്ച് 17-ന് ന്യൂഡല്‍ഹിയില്‍ നിന്ന് ഫ്രാങ്ക് ഫ്ളര്‍ട്ടിലേക്കു പോയ വിമാനത്തിലാണ് സംഭവം.

ബിസിനസ് ക്ലാസിലെ യാത്രക്കാരന്‍ സസ്യാഹാരമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ വിളമ്പിയത് മാംസാഹാരമാണ്. ഇക്കാര്യം യാത്രക്കാരന്‍ ക്യാബിന്‍ സൂപ്പര്‍വൈസറെ അറിയിച്ചെങ്കിലും പരാതിയൊന്നും നല്‍കിയില്ല. അബദ്ധം പിണഞ്ഞ ജീവനക്കാരി യാത്രക്കാരനോട് മാപ്പു പറയുകയും ഭക്ഷണം മാറ്റിനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ സംഭവം നടന്ന് ഏറെക്കഴിഞ്ഞതിനുശേഷം ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ജീവനക്കാരി കീഴ്ജീവനക്കാരിയെ വിളിച്ച് വഴക്കു പറയുകയും തല്ലുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതി കിട്ടിയെന്നും അന്വേഷണം നടന്നുവരികയാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Top