കേരളത്തിൽ . . ? ശ്രീകോവിലിൽ കയറിയ അബ്രാഹ്മണ മേൽശാന്തിയെ പുറത്താക്കി

കോട്ടയം: തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും പടിയടച്ച് പിണ്ഡം വെച്ച കേരളത്തിന്റെ മണ്ണില്‍ വീണ്ടും വരേണ്യവര്‍ഗ്ഗത്തിന്റെ അയിത്തം !

അബ്രാഹ്മണനായ മേല്‍ശാന്തി ശ്രീകോവിലില്‍ കയറി ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിച്ചാണ് ആ പാവത്തെ പടിയടച്ച് ക്ഷേത്രം ഭരണ സമിതി പുറത്താക്കിയിരിക്കുന്നത്.

കോട്ടയം കാണക്കാരി ശ്രീകൃഷ്ണക്ഷേത്രത്തിലെ മേല്‍ശാന്തി ജയപ്രകാശിനെയാണ് ഊരാണ്മ ദേവസ്വം ഭാരവാഹികള്‍ പുറത്താക്കിയത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അയിത്തവും ഭരണഘടന നിരോധിച്ച സാഹചര്യത്തില്‍ മേല്‍ശാന്തിയെ പുറത്താക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കാണക്കാരി സ്വദേശി അരവിന്ദാക്ഷനാണ് പരാതി നല്‍കിയത്. ക്ഷേത്രം ദേവസ്വം സെക്രട്ടറി വേണാട്ട് ഇല്ലം കുമാരന്‍ നമ്പൂതിരി മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടിരിക്കുകയാണ്.

ക്ഷേത്ര മേല്‍ശാന്തിയായിരുന്ന ജയപ്രകാശിനെ കഴിഞ്ഞ ജനുവരിയിലാണ് ഊരാണ്മ ദേവസ്വം പുറത്താക്കിയത്. അബ്രാഹ്മണനായ ജയപ്രകാശ് ക്ഷേത്രം അശുദ്ധമാക്കിയെന്നാരോപിച്ച് ബിംബശുദ്ധി വരുത്തി പ്രായശ്ചിത്ത കര്‍മ്മം നടത്തുകയായിരുന്നു. ജയപ്രകാശിനെതിരെ ഇറക്കിയ നോട്ടീസിലും കുറവിലങ്ങാട് പൊലീസില്‍ നല്‍കിയ പരാതിയിലും അബ്രാഹ്മണനെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അബ്രാഹ്മണനായ ജയപ്രകാശിനെ 2016 ആഗസ്റ്റിലാണ് മേല്‍ശാന്തിയായി നിയമിച്ചിരുന്നത്.

കാണക്കാരി എന്‍.എസ്.എസ് കരയോഗത്തിന്റെ അഞ്ചും, ഊരാണ്മ ദേവസ്വത്തിലെ രണ്ടും പ്രതിനിധികള്‍ ചേര്‍ന്നായിരുന്നു അന്ന് ക്ഷേത്ര ഭരണം നടത്തിയിരുന്നത്. തന്ത്രി മലയത്തില്ലം ചന്ദ്രശേഖരന്‍ ഇന്റര്‍വ്യൂ നടത്തിയായിരുന്നു നിയമനം.

ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട പതിനാറ് ക്ഷേത്രങ്ങളില്‍ മുട്ടുശാന്തിയായി പ്രവര്‍ത്തിച്ച പരിചയവും ജയപ്രകാശിനുണ്ട്. എന്‍.എസ്.എസ് കരയോഗത്തിലെ 264 കുടുംബങ്ങളുടെയും ബ്രാഹ്മണ സമുദായാംഗങ്ങളായ അഞ്ചു കുടുംബങ്ങളുടെയും നിയന്ത്രണത്തിലായിരുന്നു ക്ഷേത്ര ഭരണം.

എന്നാല്‍ ഒരു കേസിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഭരണച്ചുമതല പൂര്‍ണമായും ബ്രാഹ്മണരടങ്ങുന്ന ഊരാണ്മ ദേവസ്വത്തിന്റെ കൈയിലാവുകയായിരുന്നു. പുതിയ ഭരണസമിതി ജയപ്രകാശിനെ കൊടിയേറ്റ് ദിവസം തന്നെ ശ്രീകോവിലില്‍ നിന്ന് ‘പടിയടച്ച് പിണ്ഡം’ വയ്ക്കുകയായിരുന്നു.

Top