നിയമസഭയിലെ കയ്യാങ്കളി; എംഎല്‍എമാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയിൽ ഭരണപക്ഷത്തെ രണ്ട് എംഎൽഎമാർക്കും പ്രതിപക്ഷത്തെ ഏഴ് എംഎൽഎമാർക്കുമെതിരെ പൊലീസ് കേസ് എടുത്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ അംഗങ്ങൾക്കെതിരെ കേസ് എടുത്ത്. വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സനീഷ് കുമാർ ജോസഫിന്റെ പരാതിയിൽ ഭരണപക്ഷ എംഎൽഎമാർക്കു പുറമേ
വാച്ച് ആൻഡ് വാർഡിനെതിരെയും അഡീഷണൽ ചീഫ് മാർഷലിനെതിരെയും കേസെടുത്തിട്ടുണ്ട്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. എംഎൽഎമാരായ എച്ച് സലാം, സച്ചിൻ ദേവ്, അഡീഷണൽ ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ, കണ്ടാൽ തിരിച്ചറിയുന്ന വാച്ച് ആൻഡ് വാർഡ് എന്നിവർക്കെതിരെയാണ് കേസ്.

വാച്ച് ആൻഡ് വാർഡായ ഷീന നൽകിയ പരാതിയിൽ എഴു പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസ് എടുത്തു. റോജി എം ജോൺ, പികെ ബഷീർ, അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെകെ രമ, ഉമ തോമസ് എന്നിവരെ പ്രതി ചേർത്താണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Top