രാജസ്ഥാനില്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചുതുടങ്ങി; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാതെ പാര്‍ട്ടികള്‍

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങി. നവംബര്‍ 6 വരെയാണ് പത്രിക സ്വീകരിക്കുക. നവംബര്‍ 7ന് സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ഥികള്‍ക്കു നവംബര്‍ 9 വരെ പത്രിക പിന്‍വലിക്കാന്‍ സമയം നല്‍കും. പത്രികാ സമര്‍പ്പണത്തിന്റെ മുഴുവന്‍ നടപടിക്രമങ്ങളും ചിത്രീകരിക്കാന്‍ അനുമതി നല്‍കും.

അതേസമയം, കോണ്‍ഗ്രസും, ബിജെപിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഇരു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി നിര്‍ണയം ഇതുവരെ പൂര്‍ണമായിട്ടില്ല. കോണ്‍ഗ്രസ് 105 സ്ഥാനാര്‍ഥികളെയും ബിജെപി 124 സ്ഥാനാര്‍ഥികളെയുമാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. എഎപി 60 സ്ഥാനാര്‍ഥികളെയും ബിഎസ്പി 56 സ്ഥാനാര്‍ഥികളെയും ലോക്താന്ത്രിക് 10 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ടോങ്കില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും, പ്രതിപക്ഷ ഉപനേതാവുമായ സതിഷ് പുനിയ നവംബര്‍ രണ്ടിനും പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് നവംബര്‍ മൂന്നിനും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ നവംബര്‍ നാലിനും പത്രിക സമര്‍പ്പിക്കും. നേരത്തെ ബിജെപി പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. വസുന്ധര രാജെയെ ഉള്‍പ്പെടെ തഴഞ്ഞ് എംപിമാരെ മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ നിരവധിപ്പേര്‍ എതിര്‍ത്തു. ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിനു മുന്നില്‍വരെ പ്രതിഷേധമെത്തിയതോടെ വസുന്ധരയെ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തി.

മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള പിണക്കമാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. എന്നാല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ഇരുവരും ഒരേ വേദിയില്‍ കൈകൊടുത്തത് കോണ്‍ഗ്രസിന് ആശ്വാസം പകരുന്നുണ്ട്. 5.25 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 2.73 കോടി പുരുഷന്മാരും 2.52 കോടി സ്ത്രീകളും. ഇതില്‍ 22.04 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണ്. ഡിസംബര്‍ മൂന്നിനാണു വോട്ടെണ്ണല്‍.

Top