ബി.ഡി.ജെ.എസ് ഇളഭ്യരായി, കേന്ദ്ര സര്‍ക്കാര്‍ പദവിയില്‍ കേരളത്തിലെ ലോക ജനശക്തി !

bdjs_lokjanshakthi

ന്യൂഡല്‍ഹി: കേന്ദ്ര പദവിക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ബി.ഡി.ജെ.എസിന് വന്‍ പ്രഹരമേല്‍പ്പിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലേക്ക് കേരളത്തില്‍ നിന്നും അഞ്ചു പേരെ നിയമിച്ച് ഉത്തരവായി.

കൃഷി വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക ജനശക്തി പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്‌സണും കോട്ടയം സ്വദേശിയുമായി രമാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പുതിയ നിയമനം.

കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡുകളില്‍ പദവി മുതല്‍ കേന്ദ്ര മന്ത്രി പദവി വരെ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍വള്ളാപ്പള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബി.ജെ.പി ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ മത്സരിക്കാന്‍ നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ച് ബി.ഡി.ജെ.എസ് കേന്ദ്രത്തിലെ സ്ഥാനമോഹം ഉപേക്ഷിക്കുകയായിരുന്നു. എന്‍.ഡി.എയിലെ മറ്റൊരു ഘടക കക്ഷിയായ പി.സി.തോമസ് വിഭാഗവും പദവികള്‍ക്ക് വേണ്ടി ശക്തമായ സമ്മര്‍ദ്ദം നടത്തിയിരുന്നു.

fci_remageorge

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര പദവികള്‍ തേടിയെത്തുമെന്ന തുഷാറിന്റെയും പി.സി.തോമസിന്റെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് അപ്രതീക്ഷിതമായാണ് മറ്റൊരു ഘടകകക്ഷി നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഇപ്പോള്‍ ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ രമാജോര്‍ജ്ജിനു പുറമെ ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍, കളമശ്ശേരി സ്വദേശി സാജു ജോയിസണ്‍ എന്നിവരാണ് ഉള്ളത്. കഴിഞ്ഞ ആഴ്ച ലോക് ജനശക്തി പാര്‍ട്ടിയിലെ തന്നെ മുഹമ്മദ് ഇഖ്ബാല്‍, ജേക്കബ് പീറ്റര്‍ എന്നിവര്‍ക്കും നിയമനം നല്‍കിയിരുന്നു.

എന്‍.ഡി.എയില്‍ ബി.ജെ.പി കഴിഞ്ഞാല്‍ കേരളത്തിലെ രണ്ടാം പാര്‍ട്ടിയായി അവകാശപ്പെടുന്ന ബി.ഡി.ജെ.എസിനും മൂന്നാം സ്ഥാനക്കാരായി അവകാശപ്പെടുന്ന പി.സി.തോമസ് വിഭാഗത്തിനും വന്‍ പ്രഹരമാണ് ലോക് ജനശക്തി നേതാക്കളുടെ സ്ഥാനാരോഹണം ഏല്‍പ്പിച്ചിരിക്കുന്നത്.Related posts

Back to top