സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി ; സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

sudeer-karamana

തിരുവനന്തപുരം: ചലച്ചിത്ര താരം സുധീര്‍ കരമനയുടെ വീട്ടിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വാങ്ങിയ സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. 14 തൊഴിലാളികളെയാണ് സിഐടിയു ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. നോക്കുകൂലി വാങ്ങിയെന്ന പരാതി പുറത്ത് വന്നതോടെയാണ് സിഐടിയു അരശുമൂട് യൂണിയനിലെ 14 തൊഴിലാളികള്‍ക്ക് നേരെ ജില്ലാ കമ്മിറ്റി നടപടി എടുത്തത്.

അന്യായമായി കൈപ്പറ്റിയ തുക തിരിച്ച് നല്‍കാനും തൊഴിലാളികളോട് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. തിരുവനന്തപുരം ചാക്ക ബൈപ്പാസിന് സമീപം സുധീര്‍ കരമന നിര്‍മിക്കുന്ന വീടിനായി കൊണ്ടുവന്ന മാര്‍ബളും, ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകള്‍ തടഞ്ഞത്. സാധനം വാങ്ങിയ കടയിലെ തൊഴിലാളികള്‍ക്ക് ഇറക്കുന്നതിനായി 16000 രൂപ നല്‍കിയിരുന്നു. സാധനവുമായി വാഹനം എത്തിയതോടെ ചുമട്ടു തൊഴിലാളികളും വന്നു. ഇറക്കാനായി 75000 രൂപ വേണമെന്നായിരുന്നു ആവശ്യം. തങ്ങളുടെ സംഘടനയില്‍പെട്ട തൊഴിലാളികള്‍ സംഭവത്തിന് പിന്നിലുണ്ടങ്കില്‍ നടപടിയെടുക്കുമെന്ന് ഐഎന്‍ടിയുസിയുവും അറിയിച്ചിട്ടുണ്ട്.

Top