നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍, XR20 ഇന്ത്യന്‍ വിപണിയില്‍ !

സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിന്റെ തുടക്കകാലത്ത് ഇന്ത്യയില്‍ ചില നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒരു വിശേഷണമുണ്ടായിരുന്നു, ‘പട്ടിക്കെറിയാവുന്ന ഫോണ്‍’. ഫോണ്‍ മോശമായതുകൊണ്ടല്ല മികച്ച ബില്‍ട്ട് ക്വാളിറ്റിയാണ് ഉദ്ദേശിക്കുന്നത്. കടിക്കാന്‍ വരുന്ന ഒരു പട്ടിക്കെതിരെ ധൈര്യമായി ഈ ഫോണുകള്‍ എറിയാം. അതുകഴിഞ്ഞു ഫോണ്‍ തപ്പിയെടുത്ത് പ്രവര്‍ത്തിപ്പിച്ചാലും ഒരു പ്രശ്‌നവും ഉണ്ടാവില്ല എന്നതാണ് സംഗ്രഹം. പക്ഷെ സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ ഫോണുകള്‍ ശ്രദ്ധിച്ചുപയോഗിക്കേണ്ട വസ്തുവായി മാറി. ഇതോടെ പഴയ ‘തകര്‍ക്കാനാവാത്ത’ നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍ മിസ് ചെയ്യുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് പുതുതായി വിപണിയിലെത്തിയ നോക്കിയ XR20.

മിലിറ്ററി സ്റ്റാന്‍ഡേര്‍ഡ് 810H സര്‍ട്ടിഫിക്കേഷനുള്ള ബില്‍ട്ട് ക്വാളിറ്റിയും ഐപി 68 സര്‍ട്ടിഫിക്കേഷനുമായാണ് നോക്കിയ XR20യുടെ വരവ്. 1.8 മീറ്റര്‍ ആഴമുള്ള വെള്ളത്തിനടിയിലും ഒരു മണിക്കൂര്‍ വരെ കിടന്നാലും പിന്നെയും ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കാന്‍ പറ്റും വിധത്തിലാണ് നോക്കിയ XR20 നിര്‍മിച്ചിരിക്കുന്നത് എന്നാണ് മാതൃകമ്പനി എച്ച്എംഡി ഗ്ലോബല്‍ അവകാശപ്പെടുന്നത്.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പില്‍ വിപണിയിലെത്തിയിരിക്കുന്ന നോക്കിയ XR20ന് 46,999 രൂപയാണ് വില. ഗ്രാനൈറ്റ്, അള്‍ട്രാ ബ്ലൂ നിറങ്ങളില്‍ വാങ്ങാവുന്ന നോക്കിയ XR20യുടെ പ്രീ-ബുക്കിങ് ഈ മാസം 20 മുതല്‍ ആരംഭിക്കും.

ഡ്യുവല്‍ സിം (നാനോ) ഫോണ്‍ ആയ നോക്കിയ XR20 ആന്‍ഡ്രോയിഡ് 11ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 20:9 ആസ്‌പെക്ട് റേഷ്യോയും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷണവുമുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) ഡിസ്പ്ലേയാണ് ഫോണിന്റെ സവിശേഷത. നനഞ്ഞ കൈകളും കയ്യുറകളും ഉപയോഗിച്ചാലും ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 480 SoC ആണ് പ്രോസസ്സര്‍.

48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും ഉള്‍ക്കൊള്ളുന്ന ഇരട്ട പിന്‍ ക്യാമറയാണ്. രണ്ട് ക്യാമറ സെന്‍സറുകളും ZEISS ഒപ്റ്റിക്സ് ആണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ പ്രീലോഡുചെയ്ത സവിശേഷതകളായ സ്പീഡ് വാര്‍പ്പ് മോഡ്, ആക്ഷന്‍ കാം മോഡ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്.

വയര്‍, വയര്‍ലെസ് (ക്യു സ്റ്റാന്‍ഡേര്‍ഡ്) ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,630 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍. മൈക്രോ എസ്ഡി കാര്‍ഡ് വഴി 512 ജിബി വരെ ഫോണിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കാം. 5 ജി, 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

ഓസോ പ്ലേബാക്കിനൊപ്പം 96 ഡിബി വരെ ശബ്ദം സൃഷ്ടിക്കാന്‍ കഴിവുള്ള രണ്ട് സ്പീക്കറുകളും ഫോണില്‍ ഉള്‍പ്പെടുന്നു. ഓസോ സ്‌പേഷ്യല്‍ ഓഡിയോ ക്യാപ്ചറിനൊപ്പം രണ്ട് മൈക്രോഫോണുകളുമുണ്ട്.

 

Top