സെൽഫ്-ക്ലീനിങ് ടെക്നോളജി- സ്മാർട്ട് ക്ലൈമറ്റ് കൺട്രോൾ സഹിതം നോക്കിയയുടെ എസി

സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി, ലാപ്ടോപ്പ് എന്നിവ ഇന്ത്യൻ വിപണിയിലെത്തിച്ച നോക്കിയ, ഇനി പുതുതായി വിപണിയിലെത്തിക്കുന്നത് എയർ കണ്ടിഷൻ (എസി) ആണ്. ഫ്ലിപ്കാർട്ടുമായി സഹകരിച്ചാണ് നോക്കിയ ഇന്ത്യയിൽ നിർമ്മിച്ചതായി അവകാശപ്പെടുന്ന ഒന്നിലധികം എയർ കണ്ടിഷൻ വേരിയന്റുകൾ ഉടൻ വില്പനക്കെത്തിക്കുന്നത്. ക്രമീകരിക്കാവുന്ന ഇൻ‌വെർട്ടർ ടെക്നോളജി, മോഷൻ സെൻസറുകൾ ഫീച്ചറുകൾ സഹിതമാവും നോക്കിയയുടെ എസി ശ്രേണി വിപണിയിലെത്തുക. വൈ-ഫൈ കണക്റ്റുചെയ്‌ത സ്മാർട്ട് ക്ലൈമറ്റ് കൺട്രോൾ, ഇഷ്ടാനുസൃതം ക്രമീകരിക്കാവുന്ന യൂസർ പ്രൊഫൈലുകൾ എന്നിവയും നോക്കിയ എസികൾക്കുണ്ടാകും.

ഈ മാസം 29 മുതലാണ് നോക്കിയയുടെ എസികൾ ഫ്ലിപ്‌കാർട്ട് മുഖേന വില്പനക്കെത്തുക. വിവിധ കപ്പാസിറ്റിയിലും, എനർജി എഫിഷ്യൻസിയിലുമായി കുറഞ്ഞത് 5 നോക്കിയ എസി മോഡലുകൾ വില്പനക്കെത്തും. എല്ലാ മോഡലുകളുടെയും വില വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല എങ്കിലും 30,999 രൂപ മുതലാണ് നോക്കിയ എസിയുടെ വില ആരംഭിക്കുന്നത്. സെൽഫ്-ക്ലീനിങ് ടെക്നോളജി, ഫോർ-ഇൻ-വൺ അഡ്ജസ്റ്റബിൾ ഇൻവെർട്ടർ മോഡ് തുടങ്ങിയവയുമുണ്ടാകും. എയർ കണ്ടീഷനറുകൾക്ക് ഡ്യുവൽ റോട്ടറി കംപ്രസ്സറുകളോടൊപ്പം ബ്രഷ്ലെസ് ഡിസി മോട്ടോറുകളാണ്. ആറ് ഇൻ വൺ എയർ ഫിൽട്ടറുകളും നെഗറ്റീവ് അയോണൈസറും നോക്കിയ എസിയിലുണ്ടാകും.

ഓരോ സമയത്ത് ഓരോ അളവിൽ എസി പ്രവർത്തിക്കാനുള്ള ടൈമറുകളും, ഉപയോഗിക്കുന്നവരുടെ ഇഷ്ടാനുസരണം ടെമ്പറേച്ചർ ഒറ്റ ക്ലിക്കിൽ ക്രമീകരിക്കാവുന്ന യൂസർ പ്രൊഫൈലും എസികൾക്കുണ്ടാകും. മാത്രമല്ല സ്മാർട്ട്ഫോൺ വഴി എസി നിയന്ത്രിക്കാൻ സാദ്ധിക്കും. എപ്പോൾ ഫിൽറ്ററുകൾ വൃത്തിയാക്കണം എന്ന നിർദേശവും എസി നൽകും. ഈ മാസം 14-നാണ് നോക്കിയയുടെ ആദ്യ ലാപ്ടോപ്പ്, പ്യൂർബുക്ക് X14 ഇന്ത്യൻ വിപണിയിലെത്തിയത്.

Top