നോക്കിയ 3.4 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും

നോക്കിയ 3.4 ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളില്‍ വരുന്ന ഈ ഹാന്‍ഡ്സെറ്റിന്റെ ബേസിക് മോഡലിന് 12,000 രൂപയ്ക്ക് റീട്ടെയില്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസ്പ്ലേയ്ക്കായി പഞ്ച്-ഹോള്‍ കട്ട്ഔട്ട് ഡിസൈന്‍ അവതരിപ്പിക്കുന്ന നോക്കിയയില്‍ നിന്നുള്ള വളരെ കുറച്ച് ഫോണുകളില്‍ ഒന്നാണ് പുതിയ 3.4 വേരിയന്റ്. ഈ ഹാന്‍ഡ്സെറ്റില്‍ 6.3 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയും മുന്‍ ക്യാമറക്കായി പഞ്ച്-ഹോള്‍ കട്ട്ഔട്ടും ലഭിക്കും. മുന്‍ ക്യാമറയില്‍ തന്നെ സെല്‍ഫികള്‍ പകര്‍ത്തുന്നതിനും വീഡിയോ കോളുകള്‍ ചെയ്യുന്നതിനും 8 മെഗാപിക്‌സല്‍ സെന്‍സര്‍ നല്‍കിയിട്ടുണ്ട്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി ജോടിയാക്കുന്ന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 460 പ്രോസസറാണ് ഈ ഹാന്‍ഡ്സെറ്റിന് കരുത്തേകുന്നത്.

ആന്‍ഡ്രോയിഡ് 10 ഉപയോഗിച്ചാണ് ഫോണ്‍ അവതരിപ്പിച്ചെതെങ്കിലും ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലും പുതിയ നോക്കിയ ഫോണ്‍ തയ്യാറാണെന്ന് പറയുന്നു. നോക്കിയ 3.4 ലെ 5 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ക്യാമറയും 2 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയുമായി വരുന്ന പിന്‍ ക്യാമറകളില്‍ 13 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ വരുന്നു. 4000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാന്‍ഡ്സെറ്റില്‍ വരുന്നത്. ഇത് 10W വരെ ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്നു.

Top