പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്നു കൂടി മാത്രം : കനത്ത സുരക്ഷ

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയക്രമം അനുസരിച്ചു നാളെയാണ് പരസ്യ പ്രചരണം നിര്‍ത്തേണ്ടത്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇന്ന് ബംഗാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നരേന്ദ്രമോദിയുടെ റാലി റദ്ദാക്കി. വോട്ടെടുപ്പ് ഞായറാഴ്ച നടക്കും. ഇന്ന് രാത്രി 10 മണിക്ക് ശേഷം ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും പാടില്ലെന്നാണ് കമ്മിഷന്‍ ഉത്തരവ്. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറി ആത്രി ഭട്ടാചാര്യയെ മാറ്റി ചീഫ് സെക്രട്ടറിക്ക് പകരം ചുമതല നല്‍കിയ കമ്മീഷന്‍ സി.ഐ.ഡി വിഭാഗത്തിലുണ്ടായിരുന്ന മുന്‍ കൊല്‍ക്കത്ത കമ്മിഷണലര്‍ രാജീവ് കുമാര്‍ ഐ.പി.എസിനെ കേന്ദ്ര ആഭ്യന്തര വകുപ്പില്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും ഉത്തരവിട്ടു.

കമ്മിഷന്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കമ്മിഷന്‍ ബി.ജെ.പിക്ക് വേണ്ടി സംസ്ഥാനത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ഒരുക്കുകയാണെന്നും ആരോപിച്ചു. കമ്മിഷന്‍ നടപടി നിയമവിരുദ്ധവും അധാര്‍മ്മികവുമാണെന്നും മമത ബാനര്‍ജി കുറ്റപ്പെടുത്തി.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പശ്ചിമബംഗാൾ ബിജെപി ഘടകം സ്വാഗതം ചെയ്തു. അമിത് ഷായുടെ ‘ജയ് ശ്രീറാം’ റാലിയിൽ അക്രമങ്ങൾ അരങ്ങേറിയ സാഹചര്യത്തിലാണ് അസാധാരണ നീക്കത്തിലൂടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണം തെര. കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചത്. ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചത്.

Top