അക്വാലൈന്‍ സെക്ടര്‍ 50 മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ ‘ഷീ-മാന്‍’ സ്റ്റേഷന്‍

ലഖ്‌നൗ: നോയിഡ അക്വാലൈന്‍ സെക്ടര്‍ 50 മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ ‘ഷീ-മാന്‍’സ്റ്റേഷന്‍. ഭിന്ന ലിംഗക്കാരുടെ അവകാശസംരക്ഷണം മുന്നിര്‍ത്തിയാണ് നോയിഡ മെട്രോ റെയില്‍ കോര്‍പറേഷന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഷീ-മാന്‍ സ്റ്റേഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കായി പ്രത്യേക സൗകര്യങ്ങളും തൊഴിലവസരങ്ങളും ഉറപ്പുവരുത്തുമെന്ന് എന്‍എംആര്‍സി വ്യക്തമാക്കി.

സ്ത്രീകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന പിങ്ക് മെട്രോ സ്റ്റേഷന്‍ സമാന്തരമായുള്ളതാണ് ഷീ-മാന്‍ സ്റ്റേഷനെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണിതെന്നും എന്‍എംആര്‍സി എംഡി റിതു മഹേശ്വരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

2011 ലെ ജനസംഖ്യാ കണക്കനുസരിച്ച് 4.9 ലക്ഷത്തോളമാണ് ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം. ഇതില്‍ 30,000-40,000 പേര്‍ എന്‍സിആറിലുണ്ട്.

ഈ നടപടി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വ്യത്യാസമുണ്ടാക്കുമെന്നും എന്‍എംആര്‍സി പറയുന്നു. ഈ വിഭാഗത്തില്‍പ്പെടുന്ന തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റേഷന്‍ ജോലികളില്‍ പ്രത്യേക പരിശീലനം നല്‍കുമെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ സ്റ്റേഷനില്‍ ഉണ്ടാകുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.

2019 ജനുവരിയിലാരംഭിച്ച അക്വാലൈന്‍ മെട്രോ സര്‍വ്വീസിന് 21 മെട്രോ സ്റ്റേഷനുകളാണുള്ളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മെട്രോസര്‍വ്വീസ് ഉദ്ഘാടനം ചെയ്തത്.

Top