ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ച് നോയിഡ പൊലീസ്

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ച് നോയിഡ പൊലീസ്. ഇതിന്റെ ഭാഗമായി പ്രത്യേക റോഡ് സുരക്ഷാ കാമ്പെയിന്‍ നോയിഡ ട്രാഫിക് പോലീസ് പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമായി 3,400-ലധികം ആളുകള്‍ക്ക് ട്രാഫിക് ചലാന്‍ നല്‍കി. റോഡ് സുരക്ഷയെക്കുറിച്ചും ഗതാഗത നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള റോഡ് സുരക്ഷാ കാമ്പയിന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലും 15 ദിവസത്തേക്ക് നടപ്പാക്കിയിരുന്നു.

ഗൗതം ബുദ്ധ് നഗറിലെ ഗതാഗത നിയമ ലംഘനങ്ങള്‍ തടയുമെന്ന് യുപി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയരുന്നു. ഇതിന് പിന്നാലെ, കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കാന്‍ നോയിഡ പോലീസ് പദ്ധതിയിട്ടിട്ടുണ്ട് . എല്ലാ വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നല്‍കുന്ന ചലാനുകളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് മൂന്നില്‍ കൂടുതല്‍ ചലാനുകള്‍ നല്‍കിയാല്‍ നോയിഡ പോലീസ് ട്രാഫിക് നിയമലംഘകര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ 14 ലക്ഷത്തിലധികം ചലാനുകളാണ് നോയിഡ പോലീസ് ട്രാഫിക് നിയമലംഘകര്‍ക്ക് നല്‍കിയത്. 2022-ല്‍ പോലീസ് പുറപ്പെടുവിച്ചതിന്റെ ഇരട്ടിയിലേറെയാണ് ഈ കണക്ക്. ഈ ചലാനുകളില്‍ ഭൂരിഭാഗവും, അവയില്‍ 70,000-ത്തോളം, അമിത വേഗത്തിലുള്ള വാഹനങ്ങള്‍ക്ക് നല്‍കിയതാണ്. റെഡ് സിഗ്‌നല്‍ മറികടക്കുന്നത് ചലാന്‍ ലഭിക്കുന്നതിലെ രണ്ടാമത്തെ വലിയ കുറ്റമാണ്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനും 2023-ല്‍ 10,000-ലധികം ചലാനുകള്‍ അയച്ചു.

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഇ-ചലാന്‍ ഉപയോഗിച്ച് 3,453 യാത്രക്കാരില്‍ നിന്ന് നോയിഡ പോലീസ് കഴിഞ്ഞ ദിവസം പിഴ ചുമത്തി. ഇതില്‍ 540 ട്രാഫിക് ചലാനുകള്‍ ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ചതിന് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. അനധികൃത പാര്‍ക്കിങ്ങിന് 443 പേര്‍ക്കും തെറ്റായ സൈഡ് ഡ്രൈവിംഗിന് 266 പേര്‍ക്കും അമിതവേഗതയ്ക്ക് 215 പേര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനങ്ങള്‍ ഓടിച്ചതിന് 112 പേര്‍ക്കും പിഴ ചുമത്തി. രജിസ്ട്രേഷന്‍ പ്ലേറ്റ് തകരാറിലായതിന് 67 വാഹനങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതിന് 17 വാഹനങ്ങള്‍ക്കും പിഴ ചുമത്തി.

Top