കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ; അറസ്റ്റിലായ ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. നോദീപ് കൗറിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന് ആരോപണമുയര്‍ന്നിരുന്നു. ജനുവരി പന്ത്രണ്ടിനാണ് ഹരിയാനയിലെ സോനിപത്തില്‍ നിന്ന് നോദീപ് കൗറിനെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ഷക സമരത്തില്‍ സജീവമാകുന്നതിനിടെയായിരുന്നു അറസ്റ്റ്.

കുണ്ഡലിയിലെ വ്യവസായ സ്ഥാപനത്തിലെ മാനേജ്മെന്റ് പ്രതിനിധികളെയും, ജീവനക്കാരെയും ആക്രമിച്ചുവെന്നാണ് നോദീപ് കൗറിനെതിരെയുള്ള ആരോപണം. പൊലീസ് കസ്റ്റഡിയില്‍ പുരുഷ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമടക്കം പരിശോധിച്ചാണ് നോദീപ് കൗറിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, സിംഗുവില്‍ പതിനേഴുകാരന്‍ കൂടി മരിച്ചതോടെ പ്രക്ഷോഭത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 252 ആയി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റി മൂന്നാം ദിവസത്തിലും സജീവമായി തുടരുകയാണ്. പ്രക്ഷോഭ മേഖലകളിലെ കര്‍ഷകര്‍ ഇന്ന് യുവ കിസാന്‍ ദിവസമായി ആചരിച്ചു. യുവ കര്‍ഷകരാണ് ഇന്ന് സമരവേദികള്‍ കൈകാര്യം ചെയ്തത്.

Top