ഐ.പി.എല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഭാരവാഹികള്‍ ആരും വീട്ടിലേക്ക് കൊണ്ടുപോകുന്നില്ല

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനം ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ആരും വീട്ടിലേക്ക് കൊണ്ടുപോകുന്നില്ലെന്ന് തുറന്നടിച്ച് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പണമുണ്ടാക്കാനുള്ള ഉപാധി മാത്രമാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് അരുണ്‍ ധുമാലിന്റെ വിമര്‍ശനം.

ബി.സി.സി.ഐയുടെ സാമ്പത്തിക ഭദ്രതയ്ക്ക് കാരണം ഐ.പി.എല്ലാണെന്നും ക്രിക്കറ്റ് താരങ്ങളടക്കം ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഐ.പി.എല്‍ വരുമാനം കൊണ്ട് പ്രയോജനമുണ്ടാകുന്നതെന്നും അരുണ്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെച്ച ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടത്താനുള്ള പരിശ്രമത്തിലാണ് ബി.സി.സി.ഐ. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടത്താമെന്നാണ് കണക്കുകൂട്ടലുകള്‍.

ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ വിദേശത്തെ വേദികളും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഐ.പി.എല്‍ വരുമാനം നല്‍കുന്ന കരുത്ത് ചെറുതല്ല. നികുതി വരുമാനമായും ടൂറിസം മേഖലയുടെ വികസനമായും പുതിയ കമ്പനികളുടെ വളര്‍ച്ചയിലൂടെയും ആ പണം നമ്മുടെ രാജ്യത്തെയാണ് ശക്തിപ്പെടുത്തുന്നത്. പിന്നെ എന്തിനാണ് ഐ.പി.എല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ എല്ലാവരും പരിഹാസത്തോടെ കാണുന്നതെന്ന് അരുണ്‍ ധുമാല്‍ ചോദിച്ചു.

Top