പുതിയ ഇന്ത്യയില്‍ ആരെയും പിന്നിലാക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ ഇന്ത്യയില്‍ ഏതെങ്കിലും വ്യക്തിയെയോ, പ്രദേശത്തെയോ പിന്നില്‍ നിര്‍ത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ എന്‍സിസി, എന്‍എസ്എസ് കേഡറ്റുമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഒഴിവാക്കി നിര്‍ത്തില്ലെന്ന ആ ആശയം തന്നെയാണ് റിപബ്ലിക് ദിന പരേഡിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍സിസി, എന്‍എസ്എസ് കേഡറ്റുമാര്‍ ‘ചെറിയ, പുതിയ ഇന്ത്യയെ’ ആണ് പ്രതിനിധാനം ചെയ്യുന്നതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇവര്‍ യഥാര്‍ത്ഥ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജീവിക്കുന്ന പാരമ്പര്യവും, ആശയവുമാണെന്ന് ‘ഒരൊറ്റ ഇന്ത്യ’ എന്ന ആശയത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തിന് നേര്‍ക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും, മാതൃകകള്‍ സൃഷ്ടിക്കാനും പ്രധാനമന്ത്രി കേഡറ്റുമാരോട് ആഹ്വാനം ചെയ്തു. അത്തരം പ്രവൃത്തികളാണ് പുതിയ ഇന്ത്യയുടെ സൃഷ്ടിയിലേക്ക് വഴിതെളിക്കുക. പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളും, സ്വപ്നങ്ങളും സാക്ഷാത്കരിക്കേണ്ട ആവശ്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

‘ഒരാളും, ഒരു പ്രദേശവും പിന്നിലായി പോകുന്നില്ലെന്ന് നമുക്ക് ഉറപ്പിക്കാന്‍ കളിയണം. റിപബ്ലിക് ദിന പരേഡിന്റെ ലക്ഷ്യവും ഇതാണ്’, പ്രധാനമന്ത്രി പറഞ്ഞു. 71ാം റിപബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാരോയാണ് ഇക്കുറി റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി.

Top