കശ്മീരില്‍ സംഭവിക്കുന്നതെന്ത്? ഉത്തരം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയണമെന്നും സര്‍ക്കാര്‍ അത് വ്യക്തമാക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള.

ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ചിലതൊക്കെ സംഭവിക്കുന്നുണ്ടെന്നാണ് എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല അദ്ദേഹം പറഞ്ഞു.ശ്രീനഗറില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് മാധ്യമങ്ങളോടുള്ള ഒമറിന്റെ പ്രതികരണം.

സംസ്ഥാനത്തിന്റെ പ്രത്യേകപദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്നും, എന്നാല്‍ ആര്‍ട്ടിക്കിള്‍ 35 എയുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ അവസാനവാക്ക് ഗവര്‍ണറുടേതല്ല. ഇന്ത്യന്‍ സര്‍ക്കാരിന്റേതാണ്. അത് സര്‍ക്കാരില്‍നിന്ന് പാര്‍ലമെന്റില്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്-ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

Top