അനുവാദമില്ലാതെ മറ്റൊരു രാജ്യത്തെ പൗരന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല

ജയ്പൂര്‍: രാജ്യത്തിന്റെ അതിര്‍ത്തികള്‍ മുമ്പത്തേക്കാള്‍ സുരക്ഷിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാന്‍ സൈന്യത്തിന് കഴിയുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലാതെ മറ്റൊരു രാജ്യത്തെ പൗരന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ‘മോദി ഫെസ്റ്റില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രണരേഖ കടന്ന് സൈന്യം നടത്തിയ മിന്നലാക്രമണം ശക്തമായ സന്ദേശമാണ് നല്‍കിയത്. മിന്നലാക്രമണം വിജയകരമായി നടത്തിയതിനു ശേഷം പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ ഇനിയും നടത്തുമെന്നും രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി.

പാക്കിസ്ഥാന് നേരെ ആദ്യം വെടിയുതിര്‍ക്കുന്നത് ഒരിക്കലും ഇന്ത്യയാകരുതെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ, പാക്കിസ്ഥാന്‍ ആദ്യം വെടിയുതിര്‍ക്കുക ആണെങ്കില്‍ ശക്തമായി തിരിച്ചടിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Top