സമാധാന നൊബേല്‍ ആലെസ് ബിയാലിയാറ്റ്സ്കിക്ക്

ഈ വര്‍ഷത്തെ സമാധാന നൊബേല്‍ ആലെസ് ബിയാലിയാറ്റ്സ്കിക്കും റഷ്യന്‍, യുക്രേനിയന്‍ മനുഷ്യാവകാശ സംഘടനകള്‍ക്കും. ബെലാറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ആലെസ്. മെമ്മോറിയല്‍ എന്ന റഷ്യന്‍ മനുഷ്യാവകാശ സംഘടനയും സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന യുക്രേനിയന്‍ മനുഷ്യാവകാശ സംഘടനയും പുരസ്കാരം പങ്കിട്ടു.

ഭരണകൂടത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ രണ്ട് വര്‍ഷമായി തടവിലാണ് ആലെസ്. ബെലാറൂസിലെ എല്ലാ രാഷ്ട്രീയ തടവുകാർക്കുമുള്ളതാണ് ഈ പുരസ്കാരമെന്ന് പ്രതിപക്ഷത്തെ നേതാവ് പവൽ ലതുഷ്‌കോ പറഞ്ഞു- “ഈ പുരസ്കാരം ഞങ്ങളെ എല്ലാവരെയും പൊരുതാന്‍ പ്രേരിപ്പിക്കുന്നു. അലക്സാണ്ടർ ലുകാഷെങ്കോയുടെ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്”.

1980കളുടെ മധ്യത്തിൽ ബെലാറൂസിൽ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ് അലെസ് ബിയാലിയാറ്റ്സ്കി. വിയസ്ന (വസന്തം) എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനാണ്. ബിയാലിയാറ്റ്സ്കിയെ നിശബ്ദനാക്കാൻ ഭരണകൂടം പല മാർഗങ്ങളും സ്വീകരിക്കുന്നതായി നൊബേൽ കമ്മിറ്റി വിലയിരുത്തി. വിചാരണ കൂടാതെയാണ് ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്.

 

Top