ജെഎന്‍യുവിലെ സംഭവം, ‘ജര്‍മ്മനി നാസി ഭരണത്തെ’ അനുസ്മരിപ്പിക്കുന്നു: അഭിജിത്ത് ബാനര്‍ജി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കു നേരെ മുഖംമൂടി സംഘം രാത്രിയില്‍ നടത്തിയ അതിക്രൂര അക്രമത്തില്‍ ആശങ്ക രേഖപ്പെടുത്തി നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി. ഇന്ത്യയിലെ നിലവിലെ സ്ഥിതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മനി, നാസി ഭരണത്തിലേക്ക് പോയതിനെ അനുസ്മരിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാള്‍ക്കും വിഷമം തോന്നുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്’ അഭിജിത്ത് ബാനര്‍ജി പറഞ്ഞു.

സര്‍ക്കാര്‍ പ്രത്യാരോപണത്തിന് ശ്രമിക്കുമ്പോള്‍ അതിനിടയില്‍ സത്യം മുങ്ങിത്താഴരുതെന്നും അഭിജിത്ത് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയില്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരേ പ്രതിഷേധിക്കുന്നവരെ കുറ്റപ്പെടുത്തികൊണ്ടുള്ള യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തില്‍ പരിക്കേറ്റവരെക്കുറിച്ചാണ് തന്റെ ഉത്കണ്ഠയെന്നും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതേസമയം 1983ല്‍ ജെ.എന്‍.യുവില്‍ നടന്ന പോലീസ് അതിക്രമത്തില്‍ സമാനമായ ആക്രമണം എം.എ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയായിരുന്ന അഭിജിത്ത് ബാനര്‍ജിയും നേരിട്ടിരുന്നു.

Top