ഈ പോക്കു പോയാൽ ആ ‘സന്യാസി’ ഇന്ത്യയുടെ പ്രധാനമന്ത്രിയും ആയേക്കും !

ന്യൂഡല്‍ഹി: ഭാവിയില്‍ ഒരു സന്യാസി മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയായാലും അത്ഭുതപ്പെടേണ്ടതില്ല. കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ യു.പി ഉള്‍പ്പെടെ നാലും ബി.ജെ.പി തൂത്തുവാരി കഴിഞ്ഞു. പഞ്ചാബിലാകട്ടെ ആം ആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സിനെ ‘ചൂലുകൊണ്ട് ‘അടിച്ച് പുറത്താക്കിയിരിക്കുന്നത്.

80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന യു.പി ഒരു മിനി ഇന്ത്യ തന്നെയാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന ഈ സംസ്ഥാനത്ത് രണ്ടാംവട്ടവും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമ്പോള്‍, അദ്ദേഹത്തിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള ദൂരം കൂടിയാണ് കുറയുന്നത്. നരേന്ദ്രമോദിയുടെ പിന്‍ഗാമി യോഗി ആദിത്യനാഥ് ആണ് എന്നത്, ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല, അന്തര്‍ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. അതായത് മൂന്നാം ഊഴം മോദി പൂര്‍ത്തിയാക്കിയാല്‍ ആര്‍.എസ്.എസ് നേതൃത്വം യോഗിയുടെ പേര് മുന്നോട്ട് വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. തീര്‍ച്ചയായും അതിനു തന്നെയാണ് സാധ്യത.

ഇപ്പോഴത്തെ സാഹചര്യത്തില്‍, കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍, അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് സര്‍ക്കാറുണ്ടാക്കുക പ്രയാസമാകും. ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിനു ബദലായി വരുന്നുണ്ടെങ്കിലും, പ്രതിപക്ഷ കൂട്ടായ്മ സംഭവിക്കാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര ഭരണം പിടിക്കുക അസാധ്യമാണ്. മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍, അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

യു.പിയിലെ മിന്നും പ്രകടനമാണ് മോദിയുടെ പിന്‍ഗാമി ആയി ‘ ഉയരാന്‍ യോഗിയെ പ്രാപ്തനാക്കിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധി നേരിട്ട് പ്രചരണം നയിച്ചിട്ടും കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞു കഴിഞ്ഞു. സമാജ് വാദി പാര്‍ട്ടി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍. കോണ്‍ഗ്രസ്സിന്റെ അവസ്ഥയിലേക്കാണ് ബി.എസ്.പി കൂപ്പുകുത്തിയിരിക്കുന്നത്. ആ പാര്‍ട്ടിയെ സംബന്ധിച്ചും ഇനി ഒരു തിരിച്ചു വരവ് പ്രയാസമാണ്.

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി 2017 മുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം കൂടിയാണ് അദ്ദേഹം നേരിട്ടിരുന്നത്. കാവി ധരിച്ച സന്യാസി ഭരണത്തലവനായതില്‍ യുപിക്ക് സംഭവിക്കുന്നതോര്‍ത്ത് ആശങ്കപ്പെട്ടവര്‍, അദ്ദേഹം പ്രധാനമന്ത്രിയാകും എന്നതോര്‍ത്ത് ഇപ്പോള്‍ ചങ്കിടിച്ചു നില്‍ക്കുകയാണ്.

യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രി ആകുന്നതിനു മുന്‍പ് യു പി ക്രിമിനലുകളുടെ വിളഭൂമി ആയിരുന്നു. ഒരു പരിധിവരെ ക്രിമിനലുകളെ അടിച്ചമര്‍ത്താന്‍ യോഗിയുടെ പൊലീസിനു കഴിഞ്ഞതായാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്.

അവര്‍ പറയുന്നത് ഇങ്ങനെ

നിയമവും നീതിയും തന്നെയാണ് ആദ്യം മുതല്‍ യോഗി ആദിത്യനാഥ് നടപ്പാക്കിയത്. അപരാധങ്ങളുടെ കീഴ്‌വഴക്കംകൊണ്ട് കാലങ്ങളായി അനീതിയുടേയും അഴിമതിയുടേയും കേദാര ഭൂമിയായിരുന്ന പോലീസ് സ്‌റ്റേഷനുകളുടേയും സര്‍ക്കാര്‍ ഓഫീസുകളുടേയും മുറകള്‍ യോഗി മാറ്റിപ്പണിതു. തോന്നുബോള്‍ ഓഫീസില്‍ കേറിവന്നിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ കൃത്യം 9.30നു തന്നെ ഹാജരാകാന്‍ തുടങ്ങി. വര്‍ഷങ്ങളായി മുറുക്കിത്തുപ്പി നിറംമാറിയ സര്‍ക്കാര്‍ കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയായി. ആവര്‍ത്തിച്ചു ബലാല്‍സംഗം ചെയ്യപ്പെട്ട്, ഒടുക്കം പ്രതികളെ കാട്ടിക്കൊടുക്കുമെന്നായപ്പോള്‍ ആസിഡ് ആക്രമണത്തിനു വിധേയയായ പെണ്‍കുട്ടിയെയാണ് മുഖ്യമന്ത്രിയായശേഷം യോഗി ആദ്യം കണ്ടത്. അടുത്ത ദിവസം പ്രതികള്‍ അറസ്റ്റിലായി. കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്. 80ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടി. അറവുശാലകളുടെ നിണഭൂമി കൂടിയാണ് യുപി. ലക്‌നൗ നഗരത്തില്‍ മാത്രം ദിവസവും വില്‍പ്പന 20 ടണ്‍ ഇറച്ചിയാണ്. അനധികൃത അറവുശാലകളാണ് അധികവും. ഇത്തരം നൂറുകണക്കിനു കേന്ദ്രങ്ങള്‍ പൂട്ടി.

യുപി മാറണം എന്നാഗ്രഹിച്ചവരാണ് യുപിയില്‍ ബിജെപിക്കു ചരിത്ര വിജയം നല്‍കിയതെന്നാണ് അവരുടെ വാദം. സംസ്ഥാനത്തെ വികസനത്തിലേയ്ക്കു യോഗി കൈപിടിച്ച് ഉയര്‍ത്തിയെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.

അതിനു അവര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്

ഡിഗ്രിവരെ സൗജന്യപഠനം, ഒന്നുമുതല്‍ എട്ടാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍, യൂണിഫോം, സ്‌കൂള്‍ബാഗ്, സെറ്റര്‍, ചെരിപ്പ്, മങ്കിക്യാപ്. 1.78 കോടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, ഹൈസ്‌കൂള്‍ ഇന്റര്‍മിഡിയേറ്റ് തലത്തില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതി, ഹൈസ്‌കൂള്‍ മുതല്‍ ഇന്റര്‍മീഡിയറ്റുവരെ പിഴവില്ലാത്ത പരീക്ഷകള്‍, 220 ദിവസത്തെ അധ്യയന കലണ്ടര്‍.

പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യമിഷന്‍ പദ്ധതിയനുസരിച്ച് 1.18 കോടി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായപദ്ധതി. (ഇത് സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്) 5 ജില്ലാ ആശുപത്രികളെ രാജകീയ മെഡിക്കല്‍ കോളേജുകളാക്കി വികസിപ്പിച്ചു. 150 അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സ് സേവ, 8 പുതിയ രാജകീയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ നടപടി. ഗോരഖ്പൂരിലും റായ്ബറേലിയിലും എഐഎംഎസ് നിര്‍മാണം പുരോഗമിക്കുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ആരംഭിച്ചു.

ഗോതമ്പ്, അരി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്ക് ആദ്യമായി താങ്ങുവില നിശ്ചയിച്ചു. 2.29 കോടി കര്‍ഷകര്‍ക്ക് മുദ്ര ആരോഗ്യകാര്‍ഡ് വിതരണം ചെയ്തു. 20 കൃഷി വിജ്ഞാനകേന്ദ്രങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 100 മാര്‍ക്കറ്റ് സമിതികളില്‍ ഇന്റര്‍നെറ്റ് വഴി കച്ചവടം. 100 കൃഷി നന്മ കേന്ദ്രങ്ങള്‍, ബാണാസുരസാഗര്‍ പദ്ധതി പൂര്‍ത്തീകരിച്ചു. സരയൂനദി ദേശീയ പദ്ധതിയും ഗംഗാനദി പദ്ധതിയും പൂര്‍ത്തീകരണ ദിശയില്‍. ദീനദയാല്‍ ഉപാധ്യായ് ഗ്രാമജ്യോതി പദ്ധതി, സൗഭാഗ്യ പദ്ധതി പ്രകാരം 46 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. ബള്‍ബുകള്‍ വിതരണം ചെയ്തു. ഗ്രാമീണ കേന്ദ്രങ്ങല്‍ 24 മണിക്കൂറും താലൂക്ക് കേന്ദ്രങ്ങളില്‍ 20 മണിക്കൂര്‍, ഗ്രാമങ്ങളില്‍ 18 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കി.

എല്ലാ വിധവകള്‍ക്കും പെന്‍ഷന്‍. ദിവ്യാംഗരുടെ പ്രതിമാസ പെന്‍ഷന്‍ 300 രൂപയില്‍നിന്ന് 500 രൂപയാക്കി. എസ്‌സി/എസ്ടി വിഭാഗത്തിനു സൗജന്യ ഹോസ്റ്റല്‍ താമസവും ഭക്ഷണവും. മദ്രസകളില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതി തുടങ്ങി.

എല്ലാ താലൂക്കുകളിലും സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍, 6.73 ലക്ഷം യുവാക്കള്‍ രജിസ്‌ട്രേഷന്‍ ചെയ്തു. 5.20 ലക്ഷം യുവതീയുവാക്കള്‍ക്ക് പരിശീലനം ലഭിച്ചു. 633 തൊഴില്‍മേളകള്‍ നടത്തി. പ്രധാനമന്ത്രിയുടെ സ്വയം തൊഴില്‍ പദ്ധതി, സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി എന്നിവ പ്രകാരം യുവതീ യുവാക്കള്‍ക്ക് ജോലി നല്‍കി

ഇങ്ങനെ നിരവധി ജനകീയ പദ്ധതികള്‍ നടപ്പാക്കുക വഴി യോഗി യു.പിയില്‍ താരമായി മാറിയതായാണ് സംഘപരിവാര്‍ സംഘടനകളും വിലയിരുത്തുന്നത്.

Top