ഇമ്രാന്‍ ഖാന് അമേരിക്കയില്‍ തണുത്ത സ്വീകരണം; ഔദ്യോഗിക സ്വീകരണം നല്‍കാതെ തഴഞ്ഞെന്ന്…

വാഷിങ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തണുത്ത സ്വീകരണം. വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ വരുമ്പോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താറുണ്ട്.എന്നാല്‍ ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ മണ്ണില്‍ കാല്‍ കുത്തിയെങ്കിലും അദ്ദേഹത്തെ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിലെയോ അമേരിക്കയിലെ ഉന്നത നേതൃത്വത്തിലേയോ ആരും എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രോട്ടോകോള്‍ പ്രകാരം ഒരു ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ വരുമ്പോള്‍ ആതിഥേയ രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തുന്നതാണ് പതിവ്. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, അമേരിക്കയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി ആസാദ് എം. ഖാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കൂടാതെ അമേരിക്കയിലെ പാക്ക് വംശജരായ നിരവധിപേരും വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു

യാത്രാച്ചിലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇമ്രാന്‍ ഖാന്‍ ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി പകരം ഖത്തര്‍ എയര്‍വേസിന്റെ വിമാനത്തിലായിരുന്നു അമേരിക്കയിലേക്ക് യാത്രതിരിച്ചത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പാക്ക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും ഇമ്രാന്‍ ഖാന്‍ താമസിക്കുക.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് പാക് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, ഐ.എസ്.ഐ മേധാവി ഫൈസ് ഹമീദ്, പാക് പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുള്‍ റസ്സാക് ദാവൂദ് എന്നിവരാണ് ഇമ്രാന്‍ ഖാനൊപ്പമുള്ളത്.

Top