തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ല; പരാതി പറഞ്ഞ രോഗി മരിച്ചു

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിനുള്ള ചികിത്സ കിട്ടിയില്ലെന്ന് നകുലന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ ആരോപിച്ചിരുന്നു.

രണ്ട് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്തു വരുന്നയാളാണ് നകുലന്‍. അത്തരത്തില്‍ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പാണ് നകുലന്‍ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാള്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. ബ്രഷും പേസ്റ്റുമൊന്നും ഇല്ലെന്നും നകുലന്‍ ആരോപിച്ചു.

കൊവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അല്പം വൈകിയിരുന്നു എന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു.

Top