യു.ഡി.എഫിലേക്ക് ഇല്ല, ഒന്നും മറക്കില്ല, കോൺഗ്രസ്സിന് തിരിച്ചടിയായ പ്രഖ്യാപനം

യു.ഡി.എഫിലേക്ക് തിരികെ പോകുന്ന പ്രശ്‌നമില്ലന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്സ് നേതൃത്വം. യു.ഡി.എഫ് വിട്ടതിന്റെ കാരണം ഇപ്പോഴും പ്രസക്തമാണെന്നും  രാഷ്ട്രീയ നെറികേടാണ് കോണ്‍ഗ്രസ്സ് നേതൃത്വം കേരള കോണ്‍ഗ്രസ്സ് നേതൃത്വത്തോട് കാട്ടിയതെന്നുമാണ് ജോസ്.കെ മാണിയുടെ നിലപാട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ സമീപിച്ചാല്‍സംസാരത്തിനു പോലും നില്‍ക്കേണ്ടതില്ലന്നതാണ് നേതാക്കള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന സുപ്രധാന പ്രമേയമാണ്, കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സ് അംഗീകരിച്ചിരുന്നത്. ഇത് ജോസ്.കെ മാണിക്കെതിരെ കര്‍ക്കശ നിലപാടെടുത്ത മുതിര്‍ന്ന നേതാക്കള്‍ക്കുള്ള തിരിച്ചടി കൂടിയാണ്. രമേശ് ചെന്നിത്തലയും  ഉമ്മന്‍ചാണ്ടിയുമാണ്  ജോസ് കെ മാണിയെ പുകച്ച് പുറത്തു ചാടിച്ചിരുന്നത്. ഈ വികാരം ഇപ്പോഴും ഉള്ളില്‍ ഉള്ളതു കൊണ്ടു തന്നെയാണ്  തിരികെ ഇല്ലന്ന ശക്തമായ നിലപാട് കേരള കോണ്‍ഗ്രസ്സ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ജോസ് കെ മാണിയെ ക്ഷണിച്ച കോണ്‍ഗ്രസ്സ് നിലപാടില്‍  ജോസഫ് വിഭാഗത്തിന് ശക്തമായ എതിര്‍പ്പാണുള്ളത്. ജോസഫിന്റെ മുഖത്തേറ്റ പ്രഹരമായാണ് ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

‘തങ്ങള്‍ യു.ഡി.എഫിലേക്ക് ഇല്ലന്ന” കേരള കോണ്‍ഗ്രസ്സിന്റെ നിലപാടാണ് ജോസഫ് ഗ്രൂപ്പിന് തല്‍ക്കാലം ആശ്വാസമായിരിക്കുന്നത്. അത് എത്രകാലം എന്നതും അവര്‍ നേരിടുന്ന പ്രധാന ചോദ്യമാണ്. ജോസ് കെ മാണി വിഭാഗം തിരിച്ചുവന്നാലും ഇല്ലങ്കിലും യു.ഡി.എഫില്‍ ജോസഫ് വിഭാഗം ഒതുക്കപ്പെടാന്‍ തന്നെയാണ് സാധ്യത. ലോകസഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഇത്തവണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നതാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. ഇടതുപക്ഷത്താകട്ടെ ജോസ്.കെ മാണി വിഭാഗത്തിനാണ് കോട്ടയം സീറ്റ് വിട്ടു നല്‍കുക.

ജോസ് കെ മാണി വിഭാഗത്തിനാണ് കേരള കോണ്‍ഗ്രസ്സില്‍ ശക്തിയെന്നാണ് ഇടതുപക്ഷവും വിലയിരുത്തുന്നത്. പിണറായി സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിന് കേരള കോണ്‍ഗ്രസ്സും വലിയ പങ്കുവഹിച്ചതായി സി.പി.എമ്മും അംഗീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേരള കോണ്‍ഗ്രസ്സിന് സ്വാധീനമുള്ളത്. ഈ മൂന്ന് ജില്ലകള്‍ക്കു പുറമെ എറണാകുളം റൂറല്‍ ജില്ലയിലും  ഇടുക്കി, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലും കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തിന് സ്വാധീനമുണ്ട്.

കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന് തൊടുപുഴക്ക് അപ്പുറം കാര്യമായ ഒരു സ്വാധീനവും ഇല്ലന്നതാണ് കോണ്‍ഗ്രസ്സ് പോലും വിലയിരുത്തുന്നത്. ആ മണ്ഡലം പോലും ജോസഫിന്റെ കാലശേഷം കൈവിട്ടു പോകുമെന്ന ഭയവും കോണ്‍ഗ്രസ്സ് നേതൃത്വത്തിനുണ്ട്.ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തി തിരിച്ചറിയാന്‍ വൈകിപ്പോയി എന്നതാണ് അവരെ മുന്നണിയിലേക്ക് ക്ഷണിച്ചതിലൂടെ കെ.പി.സി.സി നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജോസ്.കെ മാണി മുഖം തിരിച്ചിട്ടും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകാന്‍ തന്നെയാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ തീരുമാനം.

കേരള കോണ്‍ഗ്രസ്സില്ലാതെ ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും തിരിച്ചടിയാകുമെന്ന ആശങ്കയും കോണ്‍ഗ്രസ്സിനുണ്ട്. ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ മുസ്ലീം ലീഗിലെ പ്രബല വിഭാഗം മുന്നണി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. ഇതും കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്.നിലവില്‍, ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത നേതൃത്വവും ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സര്‍ക്കാര്‍ സമസ്തയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും ഇവര്‍ക്കിടയിലെ ബന്ധം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ‘അലയൊലി’ ലീഗ് നേതൃത്വത്തിലും പ്രകടമാണ്.

സി.പി.എം ഇല്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ലന്നു പറഞ്ഞത്  മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളാണ്. കുഞ്ഞാലിക്കുട്ടിയും ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടിനെ എതിര്‍ത്ത നേതാവിനെ  ലീഗില്‍ നിന്നു തന്നെ പുറത്താക്കിയതും കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച സംഭവമാണ്. കഴിഞ്ഞ തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ നേടിയ 19 സീറ്റില്‍ പകുതിയെങ്കിലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ലങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗ് യു.ഡി.എഫില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇതു മുന്‍കൂട്ടി കണ്ട്  ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് യു.ഡി.എഫ് വിപുലീകരണത്തിന് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. പ്രധാനമായും കേരള കോണ്‍ഗ്രസ്സിനെയാണ് ലക്ഷ്യമിടുന്നതെങ്കിലും
എല്‍.ജെ.ഡിയെയും കൂറുമാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, അതും പാളിയ അവസ്ഥയാണ് നിലവിലുള്ളത്. ഇടതുമുന്നണി വിടുന്ന പ്രശ്‌നമില്ലന്ന് എല്‍.ജെ.ഡി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം മാത്രം മുഖവിലക്കെടുത്ത്  യു.ഡി.എഫിലേക്ക് പോയാല്‍ അത് ആത്മഹത്യാപരമാകും എന്നതാണ്എല്‍.ജെ.ഡി നേതൃത്വം പറയുന്നത്. മണ്ഡല രൂപീകരണം തൊട്ട് കോണ്‍ഗ്രസ്സ് നിലനിര്‍ത്തി പോന്നിരുന്ന മണ്ഡലം ഉപതിരഞ്ഞെടുപ്പിലും അവര്‍ നിലനിര്‍ത്തി എന്നതു മാത്രമായാണ് വിലയിരുത്തല്‍.

യു.ഡി.എഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലന്ന് തെളിയിക്കേണ്ടത് ലോകസഭ തിരഞ്ഞെടുപ്പിലാണ്. 19 സീറ്റ് കഴിഞ്ഞ തവണ കിട്ടിയത് രാഹുല്‍ എഫക്ടിലാണ്. ഇത്തവണയും രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള വോട്ടാണ് 19 മണ്ഡലത്തിലും യു.ഡി.എഫിന് കിട്ടിയത്. ‘ആ പരിപ്പ് ഇത്തവണയും വേവാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ്സിന്റെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്.


EXPRESS KERALA VIEW

Top