No time to add new security features in notes

ന്യൂഡല്‍ഹി: പഴയ 500, 1000 നോട്ടുകളിലുള്ള അതേ സുരക്ഷാ സവിശേഷതകളാണ് പുതിയ 2000 രൂപ നോട്ടുകളിലും ഉള്ളതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോര്‍ട്ടു ചെയ്തു.

പുതിയ 2000 രൂപയുടെ നോട്ടില്‍ ആവശ്യമായ അധിക സുരക്ഷ ഒരുക്കാന്‍ മതിയായ സമയം കിട്ടിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

പഴയ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പുറത്തിറക്കുന്ന പുതിയ നോട്ടില്‍ ചിപ്പുണ്ടെന്നതടക്കം പല പ്രചരണങ്ങളും ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

നോട്ടിലെ വാട്ടര്‍മാര്‍ക്കുകള്‍, സെക്യൂരിറ്റി ത്രെഡുകള്‍, ലാറ്റന്റ് ഇമേജ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ നവീകരിക്കാന്‍ നിരവധി മാതൃകകള്‍ ഉണ്ടാക്കേണ്ടതും ഇവയുടെയെല്ലാം മൂല്യനിര്‍ണയം നടത്തേണ്ടതും ആവശ്യമാണ്. ഇതില്‍ നിന്ന് ഏറ്റവും സുരക്ഷിതമായവ കണ്ടെത്തി ഒടുവില്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലേ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നോട്ടുകള്‍ അച്ചടിക്കാനാവൂ.

ഇതിന് വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവസാനത്തെ തവണ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയത് 2005 ലാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

2000 രൂപയുടെ പുതിയ നോട്ടുകള്‍ നിര്‍മിക്കാനുള്ള തീരുമാനം ആറുമാസം മുമ്പ് മാത്രം എടുത്തിട്ടുള്ളതിനാല്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ ഒരുക്കാന്‍ സമയം ലഭിച്ചിട്ടില്ല.

നോട്ടിന്റെ ഡിസൈനില്‍ മാത്രമേ വ്യത്യാസം വരുത്തിയിട്ടുള്ളൂ, സുരക്ഷാ സവിശേഷതകള്‍ പഴയ നോട്ടിന്റേത് തന്നെയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ 2000 രൂപ നോട്ടില്‍ ഒപ്പിട്ടിരിക്കുന്നത് നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലാണ്. വെറും രണ്ടുമാസം മുമ്പ് സപ്തംബര്‍ ആറിനാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ചുമതലയേറ്റത്.

ഇന്ത്യയിലും വിദേശത്തും നിര്‍മിച്ച ബാങ്ക് നോട്ടുകള്‍ കറന്‍സി അച്ചടിക്കാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിരിക്കുന്നത് പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത നോട്ടുകളിലാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2015ല്‍ പ്രവര്‍ത്തനമാരംഭിച്ച മൈസൂരിലെ ‘ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി’നായിരുന്നു ഇതിന്റെ ചുമതലയെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top