അഴിമതിക്ക് പിന്തുണയില്ല, കുറ്റക്കാരെങ്കിൽ ശിക്ഷിക്കപ്പെടണം: മമത ബാനർജി

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ തന്റെ മന്ത്രിസഭയിലെ അംഗം പാർത്ഥ ചാറ്റർജി അറസ്റ്റിലായതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി മമത ബാനർജി. അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത ബാനർജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയുള്ള മമത ബാനർജിയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാർത്ഥ ചാറ്റർജിയുടെ വിഷയത്തിൽ മമത ഇതുവരെ പ്രതികരിച്ചിരുന്നില്ല.

അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വറിലേക്ക് എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നേതാവായ മന്ത്രിയെ എയിംസിലേക്ക് മാറ്റിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹർജിയിലാണ് നടപടി. പാർത്ഥ ചാറ്റർജിയെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നാണ് കോടതി ഉത്തരവിട്ടത്. അത് അനുസരിച്ചായിരുന്നു കൊണ്ടുപോയത്.

Top