ഗ്യാൻവാപി പള്ളിയിലെ സർവേയിൽ സ്റ്റേ ഇല്ല; ഖനനം പാടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ നടത്താനുള്ള ജില്ലാക്കോടതിയുടെ തീരുമാനത്തിന് സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജില്ലാ കോടതിയുടെ തീരുമാനം ശരിവച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ്, ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചത്. സർവേയ്ക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ഖനനം നടത്താൻ ഉൾപ്പെടെ ആർക്കും അനുമതിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആർക്കിയോളജിക്കൽ വിഭാഗം ഇന്നു രാവിലെ സർവേ നടപടികൾ ആരംഭിച്ചിരുന്നു.

സർവേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഈ ഘട്ടത്തിൽ ഇടപെടേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചു. അയോധ്യയിലും ആർക്കിയോളജിക്കൽ സർവേ നടത്തിയിരുന്ന കാര്യം വാദമധ്യേ അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.

അതേസമയം, ഭൂതകാലത്തെ മുറിവുകൾ വീണ്ടും തുറക്കാനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ശ്രമിക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റിക്കായി ഹാജരായ അഭിഭാഷകൻ ഹുസേഫ അഹമ്മദി വാദിച്ചു. ചരിത്രം കുഴിച്ചു പരിശോധിക്കാനുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നീക്കം 1991ലെ ആരാധനാലയ നിയമത്തിനു വിരുദ്ധമാണെന്നും, സാഹോദര്യവും മതനിരപേക്ഷതയും തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ 1991ൽ കൊണ്ടുവന്ന ആരാധനാലയ നിയമപ്രകാരം, 1947 ഓഗസ്റ്റ് 15നുള്ള തൽസ്ഥിതി ആരാധനാലയങ്ങളുടെ കാര്യത്തിൽ തുടരണമെന്നാണ് വ്യവസ്ഥ. ഇക്കാരണത്താൽ ഇവിടെ സർവേ നടത്താൻ അനുവദിക്കരുതായിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. വാദം മുഴുവൻ കേട്ട സുപ്രീം കോടതി സർവേ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. കെട്ടിടത്തെ ബാധിക്കാതെ സർവേ പൂർത്തിയാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

നേരത്തെ, സർവേയ്ക്കെതിരെ പള്ളിക്കമ്മിറ്റി നൽകിയ ഹർജി തള്ളിയ ഹൈക്കോടതി, നീതി ഉറപ്പാക്കാൻ ശാസ്ത്രീയപരിശോധന അനിവാര്യമെന്നു വിധിച്ചാണ് സർവേയുമായി മുന്നോട്ടു പോകാൻ ഉത്തരവിട്ടത്. ഇതേത്തുടർന്ന് പള്ളിക്കമ്മിറ്റി അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവിന്റെ പകർപ്പ് ചീഫ് ജസ്റ്റിസിന് ഇ മെയിൽ വഴി നൽകിയ ഹർജിക്കാർ, സർവേ തടയണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് അപ്പീൽ ഇന്നു പരിഗണിച്ചത്. കെട്ടിടത്തെ ബാധിക്കാതെ, പള്ളിവളപ്പിലെ തുറസ്സായ സ്ഥലത്തു മാത്രമായിരിക്കും പരിശോധനയെന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Top